
മഞ്ഞുകാലം തുടങ്ങുന്നതോടെ വരണ്ടതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും. പാദം വിണ്ടുകീറുക, ചർമ്മം മൊരിയുക, തൊലിപ്പുറം വരണ്ടിരിക്കുക അങ്ങനെ നീളുന്നു പരാതികൾ. ഈ പ്രശ്‌നങ്ങളിലേറെയുമുണ്ടാകുന്നത് മഞ്ഞുകാലത്താണ്. ത്വക്കിന് എണ്ണമയം നൽകുന്ന ഗ്രന്ഥികളുടെ പ്രവർത്തനം മഞ്ഞുകാലത്ത് കുറയുന്നതാണ് പ്രധാന കാരണം. കാലാവസ്ഥയ്‌ക്ക് ഇണങ്ങുന്ന രീതിയിൽ പരിചരണം നൽകിയാൽ സൗന്ദര്യം മങ്ങാതെ കാത്ത് സൂക്ഷിക്കാം. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ചർമം കൂടുതൽ വരളുകയും ചെയ്യും. എണ്ണ തേച്ചു കുളിച്ചാൽ ചർമം മൊരിയുന്നത് ഒരു പരിധി വരെ തടയാം. ചർമത്തിന് മൃദുത്വവും കിട്ടും. മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ചർമ്മത്തിന് ഒരു കവചം പോലെ പ്രവർത്തിച്ച് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. കഴിയുന്നതും സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാൽ ചർമം കൂടുതൽ വരളാൻ സാദ്ധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും വരൾച്ചയെ തടയും. കൂടാതെ പഴങ്ങളും ജ്യൂസുമൊക്കെ ധാരാളം കഴിക്കുക. പുറത്ത് പോകമ്പോൾ സൺസ്‌ക്രീൻ ലോഷൻ പുരട്ടുക. ചുണ്ടുകൾ പൊട്ടുന്നുണ്ടെങ്കിൽ ലിപ്ബാം ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമിലോ മോയ്സ്ചറൈസിലോ ഒന്നോ രണ്ടോ തുള്ളി ബേബി ഓയിൽ ചേർക്കാം. ഇത് ചർമത്തിന് കൂടുതൽ മോയ്സ്ചറൈസിംഗ് ഇഫക്‌ട് നൽകും.
തണുപ്പ് കാലത്ത് ട്രാൻസ്പരന്റോ ക്ലിയറോ അല്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കളാണ് നല്ലത്. എന്നാൽ വേനൽ കാലത്ത് ക്ലിയർ (ട്രാൻസ്‌പരന്റ്) സൗന്ദര്യവർദ്ധക വസ്തുക്കളാണ് നല്ലത്. തണുപ്പ് കാലത്ത് ചർമവും ശിരോചർമവും കൂടുതൽ വളരും. മുടിയിൽ താരൻ, മുടിയുടെ അറ്റം പൊട്ടുക, മുടികൊഴിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായി മുടിയിൽ ഹോട്ട് മസാജിംഗ് ചെയ്യുക. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ച് പിടിക്കുന്നതാണ് ഹോട്ട് മസാജിംഗ്. മുടിയിൽ പ്രോട്ടീൻ ട്രീറ്റ്‌മെന്റ് നടത്തുന്നതും ഈ കാലാവസ്ഥയിൽ നല്ലതായിരിക്കും. ക്ലിയർ ആയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ മോയ്സ്ചറൈസറും ഓയിലും നഷ്ടപ്പെടാനിടയാക്കും. ട്രാൻസ്‌പരന്റല്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കളിൽ സ്‌കിൻ കണ്ടീഷണിംഗ് ഘടനകളും മോയ്സ്ചറൈസറും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെയും മുടിയെയും വരണ്ട സമയത്തും സംരക്ഷിക്കും. യാത്ര പോകമ്പോൾ മുടിയിൽ കാറ്റേൽക്കാതിരിക്കാൻ സ്‌കാർഫ് കൊണ്ട് മുടി മറക്കുന്നത് നല്ലതായിരിക്കും. മഞ്ഞു കാലത്ത് കഴിവതും ഷാംപൂ ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക.