
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് രംഗത്തെത്തി. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പി കെ കൃഷ്ണദാസിന്റെ ആരോപണം.
ധർമ്മടം എം എൽ എ കൂടിയായ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ നേരിൽ കാണാനെത്തിയത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും- പി കെ കൃഷ്ണദാസ് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും ഒന്നാം ഘട്ട വോട്ടെടുപ്പിലെ കനത്ത പോളിംഗ് ഇതാണ് തെളിയിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് കൂട്ടിച്ചേർത്തു.