
സിനിമകളിൽ ആയിരത്തിലധികം  ഈണങ്ങൾ സൃഷ്ടിച്ച മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ എം. ജയചന്ദ്രന്റെ സംഗീതസപര്യയുടെ ജൈത്രയാത്ര കാൽനൂറ്റാണ്ടിലെത്തി നിൽക്കുകയാണ്. തന്റെ ജീവവായുവായ ഈണങ്ങളെ ക്കുറിച്ചും തന്റെ സംഗീത യാത്രയെക്കുറിച്ചും എം. ജയചന്ദ്രൻ തുറന്നു സംസാരിച്ചു.
ആയിരത്തിലധികം ഈണങ്ങൾ. സൃഷ്ടാവിന്റെ അനുഭൂതി എന്താണ്?
നാരായണീയമാണ് ഇപ്പോൾ മനസിലേക്ക് വരുന്നത്. 'സാന്ദ്രനന്ദ വാ ബോധാത്മകം". സാന്ദ്രമായ ആനന്ദത്തിന്റെ അവബോധം. അത് സംഗീതം. അതുകൊണ്ട് തന്നെ. അത് ഈശ്വരനാണ്.ഞാൻ ഒരു മാദ്ധ്യമമാണ്. റേഡിയോ പോലെ റേഡിയോ ഒന്നും സ്വയമായി സൃഷ്ടിക്കുന്നില്ല.പ്രക്ഷേപണം ചെയ്യുകയാണ്. ദൈവം തരുന്ന ഈണങ്ങൾ എന്നിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നു, അതാണ് പരമമായ സത്യം.
ചിത്രീകരണത്തിനടിയിൽ പാട്ടിന്റെ വരികൾ അടിഞ്ഞു പോവുന്നതായി ഗാനരചയിതാക്കൾ പലരും വിമർശിക്കാറുണ്ട്. താങ്കൾ വരികൾക്ക് പ്രാധാന്യം നൽകുന്നയാളുമാണ്?
ബഹുമാനത്തോടുകൂടി തന്നെ വിയോജിക്കുകയാണ്. എന്റെ പാട്ടുകളിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. ഞാൻ വരികൾക്ക് പ്രാധാന്യം നൽകിത്തന്നെയാണ് ഈണം നൽകുന്നത്. മറ്റുള്ളവർ എങ്ങനെ കാണുന്നുവെന്നതിനെ വിമർശിക്കാൻ ഞാൻ ആളല്ല.
സങ്കേതികതയുടെ അതിപ്രസരം വരികളുടെ പ്രാധാന്യം കുറച്ചുവെന്നു തോന്നിയിട്ടുണ്ടോ?
ആരാണ് മാസ്റ്റർ? ആരാണ് അടിമ എന്ന ഒരു കാര്യമുണ്ട് ഇതിൽ. എപ്പോഴും സംഗീതമായിരിക്കണം മാസ്റ്റർ. സങ്കേതികത എപ്പോഴും നമ്മുടെ അടിമ തന്നെയായിരിക്കണം. അതിനെ മാസ്റ്ററാക്കാൻ ശ്രമിക്കരുത്. അടിമയാവുമ്പോൾ അവിടെ നിൽക്ക് എന്നു പറയുമ്പോൾ അവിടെ നിൽക്കാൻ കഴിയണം. സംഗീതത്തെ ഭരിക്കാൻ സങ്കേതികതയെ അനുവദിക്കരുത്. പലയിടത്തും സങ്കേതികത മാസ്റ്ററാവുമ്പോൾ സംഗീതത്തിന്റെ ഹൃദയം കാണാൻ സാധിക്കില്ല. സിനിമയുടെ സാഹചര്യമനുസരിച്ച് അങ്ങനെ എനിയ്ക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെ പിറന്ന പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല.
സംഗീതസംവിധായകന്റെ കൈയിലെ ഉപകരണമാണോ ഗായകൻ?എ.ആർ.റഹ്മാനൊക്കെ അങ്ങനെ കാണുന്നുണ്ടെന്ന് പറയാറുണ്ട്?
എനിക്കങ്ങനെ തോന്നിയിട്ടില്ല. സംഗീത സംവിധായകർ മാസ്റ്ററാവുന്നതിൽ ഒരു തെറ്റുമില്ല. അതുകൊണ്ടാണല്ലോ ദേവരാജൻ മാസ്റ്ററെന്നും രാഘവൻ മാസ്റ്ററെന്നും ദക്ഷീണാമൂർത്തി സ്വാമിയെന്നും നമ്മൾ പറയുന്നത്. അവരെയെല്ലാം ഈശ്വരന്മാരെപോലെയാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് അവരെയെല്ലാം മാസ്റ്ററെന്നും സ്വാമിയെന്നുമൊക്കെ നമ്മൾ വിളിക്കുന്നത്. അതുപോലെ തന്നെയാണ് യേശുദാസ്. അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ ഒരുപാട് സംഗീത സംവിധായകരുണ്ട്. ടൂളാണ് എന്ന ഒരു വാക്ക് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഒരു സംഗീതം ജനിക്കുക എന്നാൽ ഒരു ടീമിന്റെ വിജയമാണ്. ഞാൻ ഒരു ഗാനം ചിട്ടപ്പെടുത്തുമ്പോൾ ആ കഥാപാത്രത്തെ ഉൾകൊണ്ടുകൊണ്ടായിരിക്കും. അപ്പോൾ ഗായകൻ അതിൽ വല്ല ഇംപ്രവൈസേഷനും നടത്താൻ ഞാൻ അനുവദിക്കാറില്ല.സംഗീത സംവിധായകനിൽ നിന്ന് ഒരു ഈണം ജനിക്കുമ്പോൾ ഗായകൻ അതിന് ശബ്ദം നൽകുന്നു. സംഗീത സംവിധായകൻ എന്താണോ പറയുന്നത് അതെല്ലാം ഉൾകൊണ്ട് വൈവിധ്യമാർന്ന സ്വരസംക്രമം നടത്തി വികാരഭാവങ്ങൾ ഒരുമിപ്പിച്ച് പാടുകയാണ് ഒരു ഗായകൻ ചെയ്യേണ്ടത്. അപ്പോഴാണ് ആ പാട്ടുകൾക്ക് ജീവൻ ലഭിക്കുന്നത്.
സംഗീത സംവിധാനം താങ്കൾ തപസനുഷ്ഠിക്കുന്നപോലെയാണ് ചെയ്യുന്നത്. സഹപ്രവർത്തകരും അങ്ങനെയായാവണമെന്ന് ആഗ്രഹിക്കാറുണ്ടോ?
തീർച്ചയായും. ആ കാര്യത്തിൽ ഒരു രീതിയിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറാവില്ല. സ്റ്റുഡിയോയിൽ ഞാൻ പറയുന്ന കാര്യമാണ് 'നോ ഗോസിപ്പിംഗ് ". ആരെക്കുറിച്ചും ഇവിടെ സംസാരിക്കാൻ പാടില്ല. സംഗീതം മാത്രമാണ് നമുക്കിടയിലെ സംസാരമെന്ന്. അതിന് അതിർവരമ്പുകൾ വയ്ക്കണമെന്നില്ല. സ്റ്റുഡിയോ ക്ഷേത്രം പോലെയാണ്. ആ ശ്രീകോവിലിൽ സംഗീതപൂജകൾ നടത്തുക. അവിടുത്തെ മന്ത്രങ്ങൾ സംഗീതമാണ്. അത്രത്തോളം അർപ്പണബോധത്തോടെ ചെയ്യേണ്ടതാണ്. എന്റെ ഗുരുക്കന്മാരായ ദേവരാജൻ മാസ്റ്ററായാലും നെയ്യാറ്റിൻകര മോഹനചന്ദ്രൻ മാഷായാലും എം.ബി. ശ്രീനിവാസൻ സാറായാലും പെരുമ്പാവൂർ സാറായാലും അങ്ങനെയാണ് സംഗീതത്തെ കാണുന്നത്. ആ പവിത്രത കണ്ടാണ് ഞാനും പഠിച്ചത്.
ആ പവിത്രത ഇന്നത്തെ തലമുറയിൽ നിന്ന് കിട്ടുന്നുണ്ടോ?
തീർച്ചയായും.പുതിയ കുട്ടികളുടെ കൂടെ ജോലി ചെയ്യുമ്പോഴും അവർ സംഗീതത്തോട് കാണിക്കുന്ന അർപ്പണബോധം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതുക്കൽ വെള്ളരിപ്രാവ്" എന്ന ഗാനം അർജുനും സിയയും പാടിയതും അത്ര തന്നെ ഹൃദ്യമായി എനിയ്ക്ക് തോന്നിയിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചതിന്റെ അപ്പുറം അവർക്ക് പാടാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു പാട്ടിന് ഒരീണം മാത്രമെ നൽകാറുള്ളോ? അതോ ഒന്നിലധികം ഈണങ്ങൾ തയ്യാറാക്കുമോ?
ചില പാട്ടുകൾക്ക് ഉണ്ടാവും.വാതുക്കല് വെള്ളരിപ്രാവ് പോലെയുള്ള പാട്ടുകൾക്ക് ഒറ്റ ഈണമേ ഉണ്ടായിരുന്നുള്ളൂ.
സിനിമയിൽ സംഗീത സംവിധായകർക്കും ഗായകർക്കും തുച്ഛമായ പ്രതിഫലമാണോ ലഭിക്കുന്നത്?
സിനിമാ സംഗീത വിഭാഗം സാമ്പത്തികമായി തമസ്കരിക്കപ്പെടുകയാണ്.പണ്ടും അങ്ങനെതന്നെയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ കൈയിലുള്ള ഒരു ബോക്സിൽ മടങ്ങിയ  ചെക്കുകളുടെ ശേഖരം ഞാൻ കണ്ടിട്ടുണ്ട്.വലിയ വലിയ  ക്രിയേഷനുകൾ  നടത്തിയ അവരൊക്കെ എത്ര ബുദ്ധിമുട്ടിയിരുന്നു.ബാബുക്കാ (എം.എസ്.ബാബുരാജ് ) യൊക്കെ വളരെ പ്രയാസപ്പെട്ടാണ് ജീവിച്ചതു തന്നെ. രവീന്ദ്രൻ മാസ്റ്ററും ജോൺസേട്ടനുമൊക്കെ ഇതേ അവസ്ഥയിലൂടെ കടന്നു പോയവരാണ്. എന്നാൽ അവർ സൃഷ്ടിച്ച ഈണങ്ങൾക്കനുസൃതം പാട്ടുകൾ പാടിയവർ വലിയ ധനികരാവുകയും ചെയ്തു. നവീനകാലത്തുപോലും സിനിമയിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം കിട്ടുന്നവർ സംഗീത സംവിധായകരാണ്. ഗായകർ വന്ന് രണ്ടോ മൂന്നോ മണിക്കൂർ പാടി പ്രതിഫലവും വാങ്ങി മടങ്ങും. എന്നാൽ സംഗീത സംവിധായകർ മൂന്നും നാലും മാസമാണ് ഒരു സിനിമയ്ക്കുവേണ്ടി ചെലവഴിക്കുന്നത്.ഗഡുക്കളായിട്ടായിരിക്കും പലപ്പോഴും പ്രതിഫലം ലഭിക്കുക.
ഗായകർക്കും പ്രതിഫലം കുറവാണെന്ന് വിജയ് യേശുദാസ് പറഞ്ഞുവെന്ന് വാർത്ത വന്നിരുന്നു?
അതിനോട് ഞാൻ പ്രതികരിക്കുന്നില്ല. വിജയ് അങ്ങനെ പറഞ്ഞിട്ടുണ്ടാവുമെന്നും കരുതുന്നില്ല. ഇവിടെ എസ്റ്റാബ്ളിഷ്ഡ് ആയ എല്ലാ ഗായകർക്കും ചോദിക്കുന്ന പ്രതിഫലം കിട്ടുന്നുണ്ട്.എന്നോടൊപ്പം പാടിയപ്പോഴൊക്കെ വിജയ് ചോദിച്ച പ്രതിഫലം കൊടുത്തിട്ടുണ്ട്. ഒരിക്കലും കുറച്ചുതരുമോയെന്ന് ഞാൻ ചോദിച്ചിട്ടില്ല. അതിപ്പോൾ പുതുതായി വന്ന ഹരിശങ്കറായാലും അങ്ങനെ തന്നെ. അർഹതയുള്ളവർക്കെല്ലാം ആ രീതിയിൽത്തന്നെ നൽകുന്നുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ സംഗീതം എന്ന കമ്മോഡിറ്റിക്ക് വാണിജ്യസാദ്ധ്യത വലുതായിട്ടില്ല.പണ്ടത്തെപ്പോലെ സി.ഡിയോ കാസെറ്റോ ഒന്നും വിറ്റുപോവില്ല. യൂ ട്യൂബിനാണല്ലോ പ്രാധാന്യം. നിർമ്മാതാക്കൾക്ക് വലിയ രീതിയിൽ അത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അർത്ഥമില്ല. മറ്റു ഭാഷകളിൽ സംഗീത സംവിധായകന് ലഭിക്കുന്നതിന്റെ അഞ്ചുശതമാനം പോലും മലയാളത്തിലെ സംഗീത സംവിധായകർക്കു കിട്ടുന്നില്ല.അതാണ് സത്യം.