w

കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച് ഒരു ഫാഷൻ അക്സസറി എന്ന നിലയിലോ, സ്റ്റാറ്റസ് സിംബൽ എന്ന നിലയിലോ ഈ അടുത്ത കാലം വരെ വാച്ചിന് പ്രാധാന്യമുണ്ടായിരുന്നില്ല. ഇടയ്‌ക്കൊക്കെ വസ്ത്രത്തിന് അനുസരിച്ച് സ്ട്രാപ്പും ഡയലും നിറം മാറ്റാവുന്നതുമായ വാച്ചുകൾ വന്നും പോയും ഇരുന്നു. അൽപ്പകാലം മുൻപ് വാച്ചുകൾ ഫാഷനിലേക്ക് ഇരമ്പി വന്നെങ്കിലും ന്യൂജെൻകാർക്കുമാത്രം ധരിക്കാവുന്ന ഫാഷൻ അക്സസറികളായി ഫാൻസി സ്റ്റോറുകളിലായിരുന്നു ഏറെക്കുറെ അവയുടെ സ്ഥാനം. എന്നാൽ, ഈയടുത്ത് കഥ മാറി. പ്രീമിയം ബ്രാൻഡ് വാച്ചുകൾ, ഫാഷൻ പ്രേമികളായ സ്ത്രീകളുടെ കളക്ഷനിലെ അത്യാവശ്യ ഘടകമായി വൻ കുതിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ഡയലിലെ ഡിസൈൻ

പഴയതുപോലെ അലങ്കാരങ്ങൾ നിറഞ്ഞ ബ്രേസ്‌ലെറ്റ് സ്ട്രാപ്പുകളും ലളിതമായ ഡയലുകളുമായിട്ടല്ല ഇപ്പോൾ ലേഡീസ് വാച്ചുകളുടെ ഇരിപ്പ്. ജെന്റ്സ് വാച്ചുകൾ പോലെ വലിയ ഡയലുകളും ചെയിൻ ലെതർ സ്ട്രാപ്പുകളുമായി അത്യാവശ്യം 'മാസ്‌കുലിൻ' ആയാണ് അവയുടെ പുതിയ അവതാരം. സ്വർണത്തിലും പ്ലാറ്റിനത്തിലും ടൈറ്റാനിയത്തിലും മുതൽ, മേൽത്തരം ചീങ്കണ്ണിത്തോലിൽ വരെ തീർത്ത ഉടലുകൾ, അമൂല്യമായ രതനക്കല്ലുകൾ പിടിപ്പിച്ച ഡയലുകൾ. വില പതിനായിരത്തിൽ തുടങ്ങി ലക്ഷങ്ങളിലേക്കു നീളും.

റബറും ലെതറും

ആദ്യകാലങ്ങളിൽ ലെതർ വാച്ചായിരുന്നു താരം. എന്നാൽ ഇടക്കാലംകൊണ്ട് അതിന്റെ പ്രചാരം ഇടിഞ്ഞു. എന്നാൽ പൂർവാധികം ശക്തിയോടെ ലെതർ വാച്ചുകൾ വിപണിയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്നുമുണ്ട്. ലെതർ സ്ട്രാപ്പുകൾക്കൊപ്പം സ്റ്റീലുകൾ മാറ്റിവയ്‌ക്കാവുന്ന തരത്തിലുള്ള വാച്ചുകളും വിപണിയിലുണ്ട്. വിവിധ വർണങ്ങളിലും ലെതർ സ്ട്രാപ്പുകൾ ലഭ്യമാണ്. ഡിജിറ്റൽ വാച്ചുകളിന്ന് കോളജ് പിള്ളേരുടെ ഫാഷനായി മാറിയിരിക്കുകയാണ്. സമയം നോക്കാമെന്നതിലുപരി പല ഉപയോഗങ്ങളും ഡിജിറ്റൽ വാച്ചുകൾക്കുണ്ട്. റബർ സ്ട്രാപ്പ് വാച്ചുകൾ കൂടുതൽ ജനകീയമാണ്. ഡിജിറ്റൽ വാച്ചുകൾക്കൊപ്പം തന്നെ കിടപിടിക്കുന്നതാണ് റബർ സ്ട്രാപ്പ് വാച്ചുകൾ. ഇതിന് സമാനമായ ടയർ മെറ്റീരിയലുകളും വിപണിയിൽ സജീവമാണ്. പ്ലാറ്റിനമായിരുന്നു ഒരു കാലത്ത് വാച്ചുകളുടെ ഹൈലെവൽ ഫാഷനെങ്കിൽ ലേറ്റസ്റ്റ് ട്രെൻഡ് പിങ്ക് ഷേയ്ഡ് ഉള്ള റോസ് ഗോൾഡ് നിറത്തിലുള്ള മെറ്റൽ വാച്ചാണ്. എത്നിക് വസ്ത്രങ്ങളോടൊപ്പമാണ് ഈ വാച്ച് യോജിക്കുക.

വില കൂടിയ താരങ്ങൾ

വൻഫാഷൻ ബ്രാൻഡുകൾ ആയ ഗൂച്ചിയും, ചാനലുമെല്ലാം ഓരോ സീസണിലും ഫാഷൻ വസ്ത്രങ്ങൾ ഇറക്കുന്ന അതേ പ്രാധാന്യത്തോടെ വാച്ചുകളുടെ സീരീസും ഇറക്കുന്നുണ്ട്. വാച്ചുകളിലെ 'റോയ്സ് റോയ്സ്' എന്നറിയപ്പെടുന്ന, മുൻനിര സെലിബ്രിറ്റികളുടെ ഇഷ്‌ടവാച്ചായ 'റോളക്‌സി" ന്റെ 'റോസ്‌ഗോൾഡ്' കളക്ഷന്റെ വില ഏതാണ്ട് ഒരു കാറിനോളം വരും.

ഫോർമൽ, ഫെസ്റ്റിവൽ അവസരങ്ങളിൽ മാത്രല്ല സ്‌പോർട്സ് വാച്ചായും വെള്ളത്തിനടിയിൽ പോലും ധരിക്കാവുന്ന വിധത്തിൽ ഉറപ്പോടെയാണ് ഇവയുടെ രൂപകൽപന.