
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ വൻ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് സർക്കാരിന്റെ ആറാം ഘട്ട ചർച്ച നാളെ നടക്കാനിരിക്കെ നിർണായക യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ന് രാത്രി ഏഴ് മണിയ്‌ക്കാണ് അമിത്‌ഷാ കർഷകരുടെ യോഗം വിളിച്ചിരിക്കുന്നത്. കർഷകരെ സമവായത്തിന്റെ പാതയിലെത്തിക്കുന്നതിനായുളള കേന്ദ്രസർക്കാരിന്റെ അവസാന ശ്രമമായാണ് യോഗം വിലയിരുത്തപ്പെടുന്നത്. എന്നാൽ കാർഷിക നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. രാജ്യത്ത് കർഷകർ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കുന്നതിനിടെയാണ് കർഷകരെ തേടി അമിത്‌ഷായുടെ ഫോൺ കോളെത്തിയത്.
'എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. അമിത് ഷാ ഒരു മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. ഞങ്ങളെ ഏഴ് മണിയ്‌ക്ക് ചർച്ചയ്‌ക്ക് വിളിപ്പിച്ചിരിക്കുകയാണ്' എന്ന് കർഷക നേതാവായ രാകേഷ് തിക്കത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡൽഹിക്ക് സമീപമുളള ദേശീയ പാതയിൽ പ്രതിഷേധിക്കുന്ന കർഷകർ ആഭ്യന്തരമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായി. സമരത്തിൽ മുന്നിലുണ്ടായിരുന്ന സി പി എം നേതാവ് കെ കെ രാഗേഷ് എം പി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്‌ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരിൽ നിന്നും അറസ്റ്റിലായത്. സി പി എം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്തയെ ഗുജറാത്തിൽ അറസ്‌റ്റ് ചെയ്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും യു പി പൊലീസ് കസ്റ്റഡിയിലെടുത്തു.