sakeer-hussain-

കൊച്ചി: കളമശേരി ഏരിയ മുൻ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ പാർട്ടിയെ അറിയിക്കാതെ സുഖവാസ കേന്ദ്രമായ ബാങ്കോക്ക് സന്ദർശിച്ചതിനെച്ചൊല്ലി സി.പി.എമ്മിൽ മുറുമുറുപ്പ്. ലൈംഗിക, ചൂതാട്ട ടൂറിസത്തിന് കുപ്രസിദ്ധമായ സ്ഥലം പാർട്ടിയുടെ അനുമതി വാങ്ങാതെ സന്ദർശിച്ചതിലെ ദുരൂഹതയാണ് അണികൾക്കിടയിൽ ചർച്ച. സക്കീറിന് ചില ഉന്നതനേതാക്കൾ ഒത്താശ ചെയ്യുന്നതായും ആക്ഷേപം ശക്തമാണ്. സക്കീർ അനധികൃമായി സ്വത്ത് സമ്പാദിച്ചെന്ന പാർട്ടി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സക്കീറിന്റെ ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ പരാതി ലഭിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ട് ചോർന്നതിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് സൂചനകൾ.

സെക്സ് ടൂറിസത്തിനും കുപ്രസിദ്ധമാണ് തായ്ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്. ടൂറിസത്തിനും സാംസ്‌കാരികപൈതൃകത്തിനും പ്രസിദ്ധവുമാണ്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ സന്ദർശിക്കുന്ന രാജ്യമാണ് തായ്ലാൻഡ്. സന്ദർശനം ദുരൂഹമാക്കിയതാണ് സക്കീറിനെതിരായ വിവാദത്തിന് കാരണം. ദുബായ് സന്ദർശിച്ചെന്നാണ് സക്കീർ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയെ അറിയിച്ചത്. പാസ്‌പോർട്ട് പരിശോധിച്ചപ്പോഴാണ് ബാങ്കോക്കിലാണ് പോയതെന്ന് വ്യക്തമായത്. വിദേശസന്ദർശനത്തിന് പാർട്ടിയുടെ അനുമതി ആവശ്യമാണ്. അതു വാങ്ങാതെയും പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതുമാണ് വിവാദകാരണം. ആർക്കൊപ്പമായിരുന്നു സന്ദർശനം, എത്ര പണം ചെലവായി തുടങ്ങിയ സംശയങ്ങളും പ്രചാരണങ്ങളും അണികളിൽ സജീവമാണ്.

2016 ലാണ് പാർട്ടിയെ അറിയിക്കാതെ സക്കീർ വിദേശത്ത് പോയത്. ദുബായിൽ പോയെന്നാണ് പാർട്ടിക്ക് വിശദീകരണം നൽകിയത്. ഇത് അടിമുടി ദുരൂഹമാണെന്നാണ് ആക്ഷേപം. സക്കീർ ഹുസൈൻ 10 വർഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവിൽ വീട് വാങ്ങിയത്. ഇതിന് 65 ലക്ഷം വായ്പയെടുത്തു.

നാലു വീടുകൾ വാങ്ങിക്കൂട്ടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സക്കീർ 2018 ൽ 76 ലക്ഷം രൂപയുടെ ഒരു വീട് കൂടി വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 65 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വാങ്ങിയതെന്നാണ് സക്കീറിന്റെ വിശദീകരണം. മുൻപ് വാങ്ങിയ വീടുകൾക്കും പുതിയ വീടിനുമുള്ള വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം സക്കീറിന്റെ കുടുംബത്തിനില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്തു വർഷത്തിനിടെയാണ് വീടുകൾ വാങ്ങിയത്.

എറണാകുളം ജില്ലാ കമ്മിറ്റി അന്വേഷണം നടത്തി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് സക്കീറിനെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. സംസ്ഥാന സമിതിയംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ. മുരളീധരൻ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മാർച്ചിൽ സസ്‌പെൻഡ് ചെയ്തു

സക്കീറിനെതിരെ കളമശേരി സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവനാണ് 2019 ജൂണിൽ പരാതി നൽകിയത്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ജില്ലാ കമ്മിറ്റി 2020 മാർച്ചിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. സക്കീറിന്റെ വിശദീകരണം ജൂലായിൽ തള്ളി. ആറു മാസത്തേക്ക് പാർട്ടി അംഗത്വം സസ്‌പെൻഡ് ചെയ്തു.

ബിനീഷുമായും ബന്ധമെന്ന് ഇ.ഡിക്ക് പരാതി

സക്കീർ ഹുസൈന്റ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കളമശേരിയിലെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു പരാതി നൽകി. പാർട്ടി സ്ഥാനം മറയാക്കി ക്രിമിനൽ കേസുകൾ ഒത്തുതീർത്തും അട്ടിമറിച്ചും ക്വട്ടേഷൻ നടത്തിയുമാണ് കള്ളപ്പണം സമ്പാദിക്കുന്നത്. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു