
കോട്ടയം: രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിന് പതിനേഴുകാരിയായ മകളെ വെട്ടിയ കേസിൽ പിതാവ് റിമാൻഡിൽ. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴയിൽ രഘുവാണ് (48) റിമാൻഡിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തലക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയുടെ മോതിരവിരൽ വെട്ടേറ്റു തൂങ്ങിയ നിലയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി.
രാവിലെ ഏഴരയായിട്ടും മകൾ എഴുന്നേൽക്കാൻ താമസിച്ചതോടെ ദേഷ്യം കയറിയ പിതാവ് വെട്ടുകത്തിയുമായി മുറിയിലെത്തി വെട്ടുകയായിരുന്നു. തലക്ക് വെട്ടേറ്റ് രക്തം ചീറ്റിയിട്ടും രോഷം തീരാതെ വീണ്ടും വെട്ടാൻ തുനിഞ്ഞതോടെ പെൺകുട്ടി അത് തടഞ്ഞു. ഈ ശ്രമത്തിനിടയിൽ പെൺകുട്ടിയുടെ മോതിരവിരൽ വെട്ടേറ്റ് തൂങ്ങി. തുടർന്ന് പ്രാണരക്ഷാർത്ഥം ഓടി അയൽവീട്ടിൽ അഭയം തേടി. നാട്ടുകാർ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെട്ടേറ്റ് തൂങ്ങിയ മോതിരവിരൽ തുന്നിച്ചേർത്തു.
സംഭവസമയത്ത് പെൺകുട്ടിയും പിതാവും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. രഘുവിന്റെ ഭാര്യ ബന്ധുവീട്ടിൽ പോയിരിക്കയായിരുന്നു. കറുകച്ചാൽ പൊലീസ് വീട്ടിലെത്തി രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.