kothamangalam-church

കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അടുത്ത മാസം എട്ടിനകം പളളി ഏറ്റെടുക്കണമെന്നാണ് ഉത്തരവ്. ഇല്ലെങ്കിൽ സി ആർ പി എഫിനെ ഉപയോഗിച്ച് പളളി ഏറ്റെടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ലെങ്കിൽ സി ആർ പി എഫിന്റെ പളളിപ്പുറം യൂണിറ്റ് ഇടപെടണമെന്നാണ് കോടതി നിർദേശം. കോടതി ഉത്തരവ് അടിയന്തരമായി സി ആർ പി എഫിനെ അറിയിക്കണമെന്നും കോടതി അഡീഷണൽ സോളിസിറ്റർ ജനറലിന് നിർദേശം നൽകി.

സംസ്ഥാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. ജില്ലാ കളക്‌ടറോട് പളളി ഏറ്റെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അതിനിടെ ആഭ്യന്തര സെക്രട്ടറി മറ്റൊരു സത്യവാങ്‌മൂലവുമായി കോടതിയിൽ വന്നത് നടപടികൾ വൈകിപ്പിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോടതി പരമാർശിച്ചു.

മുഖ്യമന്ത്രി ഇടപെട്ട് യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗമവുമായി ചർച്ച നടത്തുന്നുവെന്നും ഈ ഘട്ടത്തിൽ പളളി ഏറ്റെടുക്കുന്നതിൽ നിന്ന് ഇരുവിഭാഗവും പിന്നോട്ട് പോയെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചർച്ചയുടെ മിനിറ്റ്സ് പരിശോധിച്ചതിൽ നിന്ന് ഇങ്ങനെയൊരു ധാരണയുളളതായി കണ്ടിട്ടില്ല. സംസ്ഥാന സർക്കാർ നടപടികൾ വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.