mm-naravane

ന്യൂഡൽഹി: അറബ് രാജ്യങ്ങളിൽ സന്ദർശനത്തിനൊരുങ്ങി ഇന്ത്യൻ കരസേന മേധാവി എം.എം നരവനെ. അറബ് രാജ്യങ്ങളായ യു.എ.ഇയും സൗദി അറേബ്യയുമായുള‌ള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ സഹകരണങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികളാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഡിസംബർ 9ന് യു.എ.ഇയിലെത്തുന്ന നരവനെ അവിടെ കരസേനാ മേധാവിയുമായി ചർച്ചകൾ നടത്തും. മുതിർന്ന കരസേനാ മേധാവികളെയും 9,10 തീയതികളിൽ നരവനെ സന്ദർശിച്ച് ചർച്ചകൾ നടത്തും. വിവിധ പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 13ന് സൗദി അറേബ്യയിലെത്തുന്ന എം.എം നരവനെ രാജ്യത്തെ വിവിധ പ്രതിരോധ മേധാവികളെ കണ്ട് സുശക്തമായ പ്രതിരോധ സഹകരണം ഉറപ്പ് വരുത്തും.

ഇതിനു പുറമേ സൗദി കരസേനയുടെ ആസ്ഥാന കാര്യാലയം എം.എം നരവനെ സന്ദർശിക്കും. സംയുക്ത സേന ആസ്ഥാനവും കിംഗ് അ‌ബ്‌ദുൾ അസീസ് വാർ കോളേജും സന്ദർശിക്കും. ദേശീയ പ്രതിരോധ സർവകലാശാലയിൽ കുട്ടികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്‌ത് അദ്ദേഹം സംസാരിക്കും. ഈ രാജ്യങ്ങളിലെ പൊതുഅവധി ദിവസങ്ങളിൽ അദ്ദേഹം അവിടെത്തന്നെ തുടരും.

പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുമായി പ്രതിരോധ,സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യം കരസേന മേധാവിയെ അയക്കുന്നത്. മുൻപ് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ നവംബർ 24 മുതൽ 26 വരെ ബഹറൈനിലും യു.എ.ഇയിലും സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് നരവനെയുടെ സന്ദർശനം. തീവ്രവാദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്.

മുൻപ് ഒക്‌ടോബർ മാസത്തിൽ മ്യാൻമാറിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്‌ലയോടൊപ്പം നരവനെയും സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിൽ രാജ്യത്തെ മുതിർന്ന നേതാവായ ഓംഗ് സാൻ സുകി, കരസേന ജനറൽ ഔങ് ലൈയിംഗ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. തുടർന്ന് നേപ്പാളിലും സന്ദർശനം നടത്തിയ അദ്ദേഹത്തെ നേപ്പാളി സൈന്യം ഓണററി ജനറൽ പദവി നൽകി ആദരിച്ചു. ഇസ്രയേലുമായി യു.എ.ഇയും ബഹ്‌റൈനും സുഡാനും ബന്ധത്തിന് കരാറായ ശേഷം ഇവിടെ ഇന്ത്യൻ കരസേന മേധാവി എത്തുന്ന ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള‌ളത്. പാകിസ്ഥാനുമായി ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായിരിക്കുന്നഈ ഘട്ടത്തിൽ നരവനെയുടെ സന്ദർശനം അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിക്കുന്നതാണ്.