
വില കൂട്ടിയിട്ടും എൽ.പി.ജി സബ്സിഡിയിൽ കേന്ദ്രത്തിന് മൗനം
കൊച്ചി: കൊവിഡിൽ ജൂലായ്ക്ക് ശേഷം ആദ്യമായി എൽ.പി.ജി വില വർദ്ധിപ്പിച്ചെങ്കിലും ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്ന കാര്യത്തിൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് നിർദേശം നൽകാതെ കേന്ദ്രസർക്കാർ. സെപ്‌തംബറിലാണ് കേന്ദ്രം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ സബ്സിഡി നിറുത്തലാക്കിയത്.
ക്രൂഡോയിൽ വിലക്കുറവും സബ്‌സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകൾക്ക് ഒരേ വിലയാണെന്നതും പരിഗണിച്ചായിരുന്നു അത്. 2019 സെപ്‌തംബറിൽ 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് വിപണിവില 738.36 രൂപയായിരുന്നു. അന്ന്, ഉപഭോക്താക്കൾക്ക് സബ്സിഡിയായി 149.43 രൂപ കേന്ദ്രം ബാങ്ക് അക്കൗണ്ടിൽ നൽകി. ഫലത്തിൽ, ഉപഭോക്താവിന് ചെലവായത് 588.93 രൂപ.
ഈവർഷം മേയിൽ 589.43 രൂപവരെ താഴ്‌ന്നവില ജൂലായിൽ 604.രൂപയായി. തുടർന്നുള്ള മാസങ്ങളിൽ വില പരിഷ്‌കരിച്ചില്ല. ഇതിനിടെയാണ്, വിലക്കുറവ് കണക്കിലെടുത്ത് സബ്സിഡി നിറുത്തിയത്. എന്നാൽ, ഈമാസത്തെ വില സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ച് 654.43 രൂപയാക്കി. പക്ഷേ, സബ്‌സിഡി വിഷയത്തിൽ മൗനം പാലിക്കുകയാണ് കേന്ദ്രം.
സബ്സിഡി എത്ര?
പ്രതിവർഷം 12 സിലിണ്ടറുകളാണ് ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കുക. ഈമാസം ലഭിക്കേണ്ട സബ്സിഡി 50 രൂപ.
കേന്ദ്രത്തിന്റെ നേട്ടം
പാചകവാതക സബ്സിഡിയായി നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ ഓരോ ഉപഭോക്താവിനും കേന്ദ്രത്തിന് നൽകേണ്ടി വന്നത് നിസാരതുക. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ കേന്ദ്രത്തിന്റെ ആകെ ബാദ്ധ്യത 1,126 കോടി രൂപ. 2019-20ലെ മൊത്തം ബാദ്ധ്യത 22,635 കോടി രൂപയായിരുന്നു. 2018-19ൽ 31,447 കോടി രൂപയും.
27.76 കോടി എൽ.പി.ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതിൽ, എട്ടുകോടി പേർ ആയിരുന്നു സബ്സിഡിക്ക് അർഹർ.
എക്‌സൈസ് നികുതി
കേന്ദ്രത്തിന് 'ലോട്ടറി"
കൊവിഡിൽ മറ്റ് പ്രധാന നികുതിവരുമാന മാർഗങ്ങളെല്ലാം ക്ഷീണിച്ചെങ്കിലും കേന്ദ്രത്തിന് ആശ്വാസം പകർന്ന് കുത്തനെ കൂടിയത് പെട്രോൾ, ഡീസൽ, ക്രൂഡോയിൽ എന്നിവയിൽ നിന്നുള്ള എക്‌സൈസ് നികുതി വരുമാനം.
ഈ വർഷം ഏപ്രിൽ-ഒക്‌ടോബറിൽ 1.6 ലക്ഷം കോടി രൂപയാണ് ഈയിനത്തിൽ കേന്ദ്രം നേടിയത്. മുൻവർഷത്തെ സമാനകാലത്ത് ഇത് 1.14 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, ഏപ്രിൽ-ഒക്‌ടോബറിൽ കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി, ജി.എസ്.ടി., സെസ് എന്നിവയിൽ നിന്നുള്ള വരുമാനം 37 ശതമാനം വരെ കുറഞ്ഞു.
ഈ വർഷം മാർച്ചിന് ശേഷം കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി വർദ്ധിപ്പിച്ചിരുന്നു.
2014ൽ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോൾ
പെട്രോൾ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു; ഇപ്പോൾ 32.98 രൂപ.
ഡീസൽ എക്‌സൈസ് നികുതി 3.56 രൂപയിൽ നിന്നുയർന്ന് 31.83 രൂപയിലുമെത്തി.
വില പുതിയ ഉയരത്തിലേക്ക്
ഏറെക്കാലത്തിന് ശേഷം നവംബർ 20 മുതലാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിത്തുടങ്ങിയത്. നവംബർ 20ന് പെട്രോൾ വില 83.46 രൂപയായിരുന്നു. ഇപ്പോൾ 85.72 രൂപ. ഡീസൽ വില 76.70 രൂപയിൽ നിന്നുയർന്ന് 79.65 രൂപയുമായി.
ലോക്ക്ഡൗൺ കാലത്ത് കൂട്ടിയ എക്‌സൈസ് നികുതി നിലവിലെ സാഹചര്യത്തിൽ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടും കേന്ദ്രസർക്കാർ മൗനത്തിലാണ്.