lloyid

വാഷിംഗ്ടൺ: ആഫ്രിക്കൻ – അമേരിക്കൻ വംശജൻ ലോയ്ഡ് ഓസ്റ്റിനെ (67) പ്രതിരോധ സെക്രട്ടറിയായി നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ് ലോയ്ഡ് ഓസ്റ്റിൻ. ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി തിങ്കളാഴ്ച ബെഡൻ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.

2003 മാർച്ചിൽ ഇറാഖ് അധിനിവേശ സമയത്ത് യു.എസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിച്ച, യു.എസ് സെൻട്രൽ കമാൻഡ് തലവനായിരുന്നു ലോയ്‌ഡ് ഓസ്റ്റിൻ.

വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം 2003 അവസാനം മുതൽ 2005 വരെ അഫ്ഗാനിസ്ഥാനിൽ സംയോജിത ജോയിന്റ് ടാസ്‌ക് ഫോഴ്സ് 180ന്റെ സേനാനായകത്വം വഹിച്ചിരുന്നു. 2010ൽ അദ്ദേഹത്തെ ഇറാഖിലെ യു.എസ് സേനയുടെ കമാൻഡിംഗ് ജനറലായി നിയമിച്ചു. രണ്ട് വർഷത്തിനുശേഷം മിഡിൽ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും എല്ലാ പെന്റഗൺ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള സെൻട്രൽ കമാൻഡിന്റെ കമാൻഡറായി.

നാല് ദശാബ്ദക്കാലം സൈന്യത്തിൽ ചെലവഴിച്ച ഓസ്റ്റിൻ 2016ലാണ് വിരമിക്കുന്നത്. തുടർന്ന് റെയ്ത്തോൺ ടെക്നോളജീസിന്റെ ഡയറക്ടർ ബോർഡ് അംഗമായി. പെന്റഗണിന്റെ ഏറ്റവും വലിയ കോൺട്രാക്ടറാണ് റെയ്ത്തോൺ ടെക്നോളജീസ്. അതേസമയം, ഓസ്റ്റിന് സ്ഥാനം ഏറ്റെടുക്കാൻ സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമാണ്. ഫെഡറൽ നിയമം അനുസരിച്ച്, പെന്റഗൺ മേധാവിയാകണമെങ്കിൽ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴു വർഷം കഴിയണം. ഇതിനുമുമ്പ് രണ്ടുതവണ ഈ നിയമത്തിൽ ഇളവ് നൽകിയിരുന്നു.

ഡൊണാൾഡ് ട്രംപിന്റെ ഭരണസമയത്തെ ആദ്യ പ്രതിരോധ സെക്രട്ടറിയായ ജനറൽ ജിം മാറ്റിസിന് സമീപകാലത്ത്‌ ഇളവ് അനുവദിച്ചത്.

അമേരിക്കയിലെ 12 ലക്ഷത്തോളം വരുന്ന സൈനികരിൽ 16 ശതമാനംപേരും കറുത്ത വർഗക്കാരായിരുന്നു. ഇവരിൽ കുറച്ച്പേർ മാത്രമാണ് ഉന്നത സ്ഥാനത്ത് എത്തിയിരുന്നത്. കറുത്തവർഗക്കാക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും ഇത് ചർച്ചയാകാറുണ്ട്.