
കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന് നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ ഉയരം കൂടുതലെന്ന് കണ്ടെത്തല്‍. ചൈനയും നേപ്പാളും ഇന്ന് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് എവറസ്റ്റ് കൊടുമുടിയ്ക്ക് സമുദ്രനിരപ്പില്‍ നിന്ന് 29,031 അടി ഉയരമാണ് ഉള്ളത്. നേപ്പാള്‍ സര്‍ക്കാര്‍ നേരത്തെ ഔദ്യോഗികമായി അംഗീകരിച്ച ഉയരത്തിനേക്കാള്‍ രണ്ടടി കൂടുതലാണ് ഇത്.
8848.86 മീറ്ററാണ് എവറസ്റ്റിന്റെ പുതിയ ഉയരം എന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എവറസ്റ്റിന്റെ നീളം കണക്കാക്കുന്നതിനായി വര്‍ഷങ്ങളായി നടന്ന് വന്ന പദ്ധതിയുടെ അവസാനമാണ് നേപ്പാള്‍ സര്‍വേ ഡിപ്പാര്‍ട്‌മെന്റും ചൈനീസ് അധികൃതരും സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് നേപ്പാള്‍ ഉയരം കണക്കാക്കാനുള്ള പ്രക്രിയ ആരംഭിച്ചത്.
1954ല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. പുതിയ കണക്ക് പ്രകാരം .86 മീറ്ററിന്റെ വര്‍ദ്ധനയാണ് എവറസ്റ്റിന്റെ ഉയരത്തിലുണ്ടായതായി ഇരു രാജ്യങ്ങളും കണ്ടെത്തിയിരിക്കുന്നത്. എവറസ്റ്റിന്റെ കൃത്യമായ ഉയരം നിര്‍ണയിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാവാം എന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്.
16 വര്‍ഷത്തിനിടയില്‍ എവറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രധാന സര്‍വേ എന്ന നിലയില്‍ ഭൂമിശാസ്ത്രപരവുമായി ബന്ധപ്പെട്ട് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഈ ഫലം. പ്രത്യേകിച്ചും 2015 ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ പ്രദേശത്തെ എങ്ങനെ ബാധിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.