local-body-election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട പോളിംഗ് അവസാനഘട്ടത്തിലേക്ക്. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം എഴുപത് കടന്നു. വോട്ടെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് മിക്ക പോളിംഗ് ബൂത്തുകളിലും ദൃശ്യമായത്.

ഉച്ചയ്‌ക്ക് ഒരു മണിയോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നിരുന്നു. സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കനത്ത പോളിംഗാണ് തെക്കൻ ജില്ലകളിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും കഴിഞ്ഞ പ്രാവശ്യങ്ങളിലെ പോളിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ തലസ്ഥാനത്തെ കണക്കുകൾ മെച്ചപ്പെട്ടിട്ടുണ്ട്.

നിയന്ത്രണങ്ങൾക്ക് നടുവിലും പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാർമാരുടെ തിരക്ക് അനുഭവപ്പെട്ടു. മുൻ തിരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം. 107 വയസുളള സ്വാതന്ത്ര്യസമര സേനാനി കെ അയ്യപ്പൻപിളളയെ പോലെ പ്രായത്തെയും പരിമിതികളേയും വകവയ്ക്കാതെ എത്തിയ നിരവധി വയോജനങ്ങൾ കൊവിഡ് കാലത്ത് മാതൃകയായി. മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളിൽ ഉണ്ടായിരുന്നുവെങ്കിലും സാമൂഹിക അകലം പേരിന് മാത്രമായിരുന്നു.

ആലപ്പുഴയിൽ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പാർട്ടികളുടെ പരാതിയെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റിനെ പുറത്താക്കി. കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ കോൺഗ്രസ് സി പി എം പ്രവർത്തകർ തമ്മിൽ ഉന്തും തളളുമുണ്ടായി. വോട്ടെടുപ്പിനിടെ രണ്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശഭരണസ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 24,584 സ്ഥാനാർത്ഥികളാണ് അഞ്ച് ജില്ലകളിലായി മത്സരിക്കുന്നത്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.