 
തിരക്കഥ രഘുനാഥ് പാലേരി
കിസ്മത്ത് ,തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു.ഒരു കട്ടിൽ , ഒരു മുറി ഒരു പെണ്ണും ഒരാണും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പാലേരി നിർവഹിക്കും. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച രഘുനാഥ് പാലേരി നീണ്ട ഇടവേളയ്ക്ക് ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. റൊമാന്റിക് ഫാമിലി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ബാക്കി വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഷാനവാസിന്റെ തൊട്ടപ്പനിൽ രഘുനാഥ് പാലേരി ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്നു മുതൽ പൂജ്യം വരെ, പൊൻമുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, മേലേപറമ്പിൽ ആൺവീട് തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകൃത്ത് രഘുനാഥ് പാലേരിയാണ്. മധുചന്ദ്രലേഖയാണ് ഏറ്റവുമൊടുവിൽ രഘുനാഥ് പാലേരി തിരക്കഥ ഒരുക്കിയ ചിത്രം.