കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനർനിർണയിച്ചു. 8848.86 മീറ്ററാണ് പുതിയ ഉയരമെന്ന് നേപ്പാളും ചൈനയും അറിയിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്റെ ഉയരം പുനർനിർണയിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
1954ൽ സർവേ ഒഫ് ഇന്ത്യ നടത്തിയ അളവെടുക്കൽ പ്രകാരം 8848 മീറ്റർ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. ഇപ്പോൾ 0.86 മീറ്ററിന്റെ വർദ്ധനവുണ്ടായെന്നാണ് നേപ്പാളും ചൈനയും കണ്ടെത്തിയത്.
എവറസ്റ്റിന്റെ കൃത്യമായ ഉയരം നിർണയിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചിരുന്നു. 2015ലെ അതിശക്തമായ ഭൂകമ്പം ഉൾപ്പെടെയുള്ള കാരണങ്ങൾ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാവാം എന്ന നിഗമനത്തെ തുടർന്നായിരുന്നു ഇത്.