
ഗാന്ധിനഗർ: കർഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത്ബന്ദിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം പറയാനാകുമോയെന്ന് രൂപാണി രാഹുലിനെ വെല്ലുവിളിച്ചു. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ പ്ലാന്റിന്റെയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ ജനങ്ങൾ അവരെ തള്ളിക്കളഞ്ഞപ്പോൾ, കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും കർഷകരുടെ പേരിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സാധിക്കുമെങ്കിൽ ഉലുവയും മല്ലിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയൂ.'- രൂപാണി രാഹുലിനെ പരിഹസിച്ചു.
കോൺഗ്രസ് ഇപ്പോൾ എതിർക്കുന്ന കാർഷിക നിയമത്തിലെ നിബന്ധനകൾ 2019ലെ അവരുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിരുന്നവയാണെന്നും രൂപാണി പറഞ്ഞു.