
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ സാമഗ്രികളുമായി സ്പെയിസ് എക്സിന്റെ രണ്ടാമത്തെ ബഹിരാകാശയാനം ഡ്രാഗൺ - 2 ക്യാപ്‌സ്യൂളിന്റെ വിക്ഷേപണം വിജയകരമായി നടന്നു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 65 മീറ്റർ ഉയരമുള്ള ഫാൽക്കൺ - 9 റോക്കറ്റിലായിരുന്നു ക്യാപ്‌സ്യൂളിന്റെ വിക്ഷേപണം നടന്നത്. 2900 കിലോഗ്രാം ഭാരം വരുന്ന സാമഗ്രികളുമായാണ് ഡ്രാഗൺ 2 ഭ്രമണപഥത്തിലേക്ക് യാത്ര തിരിച്ചത്. ബഹിരാകാശനിലയത്തിലേക്കുള്ള ചരക്കുമായി സ്‌പെയ്‌സ് എക്‌സിന്റെ 21-ാമത്തെ ദൗത്യമാണിത്. പുതിയ തലമുറ ഡ്രാഗൺ ക്യാപ്‌സ്യൂളുകൾ ഉപയോഗപ്പെടുത്തിയുള്ള ആദ്യത്തേതുമാണ്. സ്പെയ്സ് എക്‌സിന്റെ മുൻ ബഹിരാകാശയാനങ്ങളെക്കാൾ കൂടുതൽ ഭാരം വഹിക്കാൻ കഴിവുള്ളവയാണ് ഡ്രാഗൺ ക്യാപ്‌സ്യൂളുകൾ. അഞ്ച് തവണ പുനരുപയോഗിക്കാവുന്ന ഇവയ്ക്ക് 75 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങാനാകുമെന്ന് സ്‌പെയ്‌സ് എക്‌സ് വ്യക്തമാക്കി. 26 മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ എത്തിച്ചേരുന്ന ക്യാപ്‌സ്യൂളിന് ബഹിരാകാശ നിലയത്തിൽ സ്വമേധയാ പ്രവേശിക്കാൻ സാധിക്കും. ഡ്രാഗൺ-2 ഒരു മാസത്തോളം ബഹിരാകാശത്ത് തങ്ങിയ ശേഷം ബഹിരാകാശനിലയത്തിൽ പ്രവേശിച്ച ഭാഗമുപയോഗിച്ച് സ്വയം വേർപ്പെടുത്തുകയും അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യും.
ബഹിരാകാശ സഞ്ചാരികൾക്കും മറ്റ് പഠനങ്ങൾക്കും വേണ്ട സാമഗ്രികൾക്ക് പുറമെ ദീർഘകാലം ബഹിരാകാശത്ത് ചിലവഴിക്കേണ്ടിവരുന്ന ശാസ്ത്രജ്ഞർക്ക് കണ്ണിനും അസ്ഥിക്കും ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ 40 ചുണ്ടെലികളെയും അയച്ചിട്ടുണ്ട്. ക്രിസ്മസ് വിരുന്നായി കാൻബറി സോസും ഐസിങ് ട്യൂബുകളും ടർക്കിയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡ്രാഗൺ-2വിൽ ഉള്ളത്
ബഹിരാകാശ നിലയത്തിലെ യാത്രക്കാർക്കുള്ള ക്രിസ്മസ് സമ്മാനം
ബഹിരാകാശ നിലയത്തിലുള്ളവർക്ക് ദ്രുതരക്തപരിശോധനയ്ക്കുള്ള ഉപകരണങ്ങൾ
കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ
ബയോമൈനിംഗ് പഠനങ്ങൾക്കായി ഛിന്നഗ്രഹങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ