
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 മത്സര പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്ക് തോൽവി. ക്യാപ്‌ടൻ വിരാട് കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല. ഓസ്‌ട്രേലിയ നേടിയ 186 റൺസ് പിൻതുടർന്ന ഇന്ത്യയുടെ പോരാട്ടം 12 റൺസ് അകലെ അവസാനിച്ചു. നാല് ഓവറിൽ 23 റൺസ് വഴങ്ങി 3 ഇന്ത്യൻ വിക്കറ്റുകൾ സ്വന്തമാക്കിയ മിച്ചൽ സ്വെപ്‌സൺ ആണ് കളിയിലെ കേമൻ. കൂറ്റനടികളിലൂടെ ഇന്ത്യയ്‌ക്ക് പരമ്പര വിജയം സമ്മാനിച്ച ഹാർദിക് പാണ്ഡ്യയാണ് പരമ്പരയിലെ കേമൻ.
ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച ഇന്ത്യയെ കണക്കിന് പ്രഹരിച്ച് ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്സ്‌മാൻ മാത്യു വെയിഡാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ നൽകാൻ കാരണക്കാരനായത്. 53 പന്തിൽ 7 ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 80 റൺസാണ് വെയിഡ് നേടിയത്. ഒപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്‌ത നായകൻ ആരോൺ ഫിഞ്ചിന് റണ്ണൊന്നും നേടാനായില്ല. തുടർന്ന് മൂന്നാമനായിറങ്ങിയ സ്‌റ്റീവ് സ്‌മിത് 23 പന്തുകളിൽ 24 റൺസ് നേടി. തുടർന്ന് മാക്‌സ്‌വെല്ലിനെ കൂട്ടുപിടിച്ച് വെയിഡ് ഓസ്‌ട്രേലിയൻ സ്‌കോർ ഉയർത്തി. കൂറ്റനടികൾ നടത്തിയ മാക്‌സ്‌വെൽ 36 പന്തുകളിൽ മൂന്ന് സിക്‌സുകളുടെയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 54 റൺസെടുത്തു. ഇന്ത്യക്കായി വാഷിംഗ്‌ടൺ സുന്ദർ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.നടരാജനും ശാർദ്ദുൽ ധാക്കൂറും ഓരോ വിക്കറ്റുകളും നേടി. ആകെ ഓസ്‌ട്രേലിയ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് റൺ നേടും മുൻപ് തന്നെ കെ.എൽ രാഹുലിനെ നഷ്‌ടമായി. തുടർന്ന് മൂന്നാമതെത്തിയ ഇന്ത്യൻ നായകൻ കോഹ്‌ലി ധവാനുമായി ചേർന്ന് പൊരുതിയെങ്കിലും സ്‌കോർ 74ൽ നിൽക്കവെ 28 റൺസ് നേടിയ ധവാൻ പുറത്തായി. തുടർന്ന് വന്ന സഞ്ജു സാംസൺ 10 റൺസ് മാത്രമേ നേടിയുളളു. നേരിട്ട ആദ്യ പന്തിൽ ശ്രേയസ് അയ്യർ പുറത്തായി. അടുത്തതായിറങ്ങിയ ഹാർദിക് പാണ്ഡ്യ 13 പന്തിൽ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 20 റൺസ് നേടി. ശേഷം 61 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 85 റൺസ് നേടിയ കോഹ്‌ലി കൂടി പുറത്തായതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. ആൻഡ്രൂ ടൈയിനാണ് കോഹ്‌ലിയുടെ നിർണായക വിക്കറ്റ് ലഭിച്ചത്. മത്സരം തോറ്റെങ്കിലും ആദ്യരണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെതന്നെ പരമ്പര ജയം ഉറപ്പിച്ചിരുന്നു. ഈ വർഷം ഇന്ത്യയുടെ ആദ്യ ടി20 തോൽവിയാണിത്.