
മുംബയ്: രക്തദാനം ചെയ്യുന്നവർക്ക് ജ്യൂസും ബിസ്കറ്റും നൽകിയിരുന്നത് പഴങ്കഥ. മുംബയിൽ രക്തം നൽകി മഹാദാനം ചെയ്യുന്നവർക്ക് വയറുനിറയെ ചിക്കൻ കഴിക്കാം. വെജിറ്റേറിയനാണെങ്കിൽ ചിക്കന് പകരം പനീർ ലഭിക്കും. ഓഫർ ഈ മാസം 13വരെ മാത്രം.
മുംബയ് കോർപ്പറേഷനിലെ പ്രഭാദേവിയിൽ നിന്നുള്ള ശിവസേനാ ജനപ്രതിനിധിയാണ് ഈ വ്യത്യസ്ത ആശയത്തിന്രെ പിന്നിൽ.
സംഗതി വൈറലായി. ഇതിനകം മുന്നൂറോളം പേരാണ് രക്തദാന ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയിരം യൂണിറ്റ് രക്തം പരിപാടിയിലൂടെ ശേഖരിക്കാനാണ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്.
ഡിസംബർ 13ന് ന്യൂ പ്രഭാദേവിയിലെ രാജഭൗസാൽവി മൈതാനത്തിൽ രാവിലെ പത്തു മുതൽ രണ്ട് വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രക്തബാങ്കുകളിൽ ക്ഷാമം നേരിടുന്നതായി കുറച്ചുനാൾ മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. കോളേജുകളടക്കം അടഞ്ഞു കിടക്കുന്നതിനാൽ രക്തം നൽകുന്നതിനായി യുവാക്കളെ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണ്ടുകൊണ്ടാണ് രക്തം ദാനം ചെയ്യുന്നവർക്ക് ചിക്കൻ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ നിന്നും ചിക്കൻ കഴിച്ചാൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാവും എന്ന അറിവാണ് ഇത്തരം ഒരു ഓഫർ നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ശിവസേന നേതാവ് പറയുന്നു.