
ലണ്ടൻ: ബ്രിട്ടണിൽ ഫൈസർ ബയോൺടെക് കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. 91 വയസുള്ള മാർഗരറ്റ് കീനറാണ് ആദ്യമായി വാക്സിൻ കുത്തിവയ്പെടുത്തത്. ഇതോടെ പരീക്ഷണാടിസ്ഥാനത്തിലല്ലാതെ വാക്സിൻ സ്വീകരിച്ച ലോകത്ത് ആദ്യത്തെ വനിത റെക്കാർഡ് നേടിയിരിക്കയാണ് മാർഗരറ്റ് മുത്തശ്ശി. മധ്യ ഇംഗ്ലണ്ടിലെ ആശുപത്രിയിൽ വച്ചാണ് ഇവർ വാക്സിനെടുത്തത്. കഴിഞ്ഞ ആഴ്ചയായായിരുന്നു മാർഗരറ്റിന്റെ 91-ാം പിറന്നാൾ.
വീൽച്ചെയറിലിരുന്ന് ആശുപത്രിയിലെത്തി വാക്സിൻ കുത്തിവയ്പെടുത്ത മാർഗരറ്റിനെ ആഹ്ലാദപൂർവം സ്വീകരിക്കുന്ന വീഡിയോ ലോകമെങ്ങും വൈറലായി. കൊറോണ വൈറസിനെതിരെ വാക്സിൻ ലഭ്യമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ.
'കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യത്തെ വനിത എന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ഇത് എനിക്കൊരു പിറന്നാൾ സമ്മാനമായാണ് കരുതുന്നത്. വർഷം മുഴുവൻ ഒറ്റയ്ക്കായിരുന്നെങ്കലും പുതുവർഷം എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആഘോഷിക്കാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നു."- മാർഗരറ്റ് പറഞ്ഞു.
ഫൈസറും ബയോൺടെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
കൊവിഡ് ബാധിച്ച് 61,000 പേരാണ് ബ്രിട്ടണിൽ മരിച്ചത്. ഫൈസർ വാക്സിൻ പൊതുജനങ്ങൾക്ക് സൽകി കൊവിഡ് വ്യാപനം പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഈ വാക്സിൻ വികസിപ്പിച്ച് എൻ.എച്ച്.എസിനും അതിനായി പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു. ബോറിസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.
ബ്രിട്ടണിലെ വാർവിക്ഷയറിലുള്ള വില്യം ഷേക്സ്പിയർ എന്ന വ്യക്തിയാണ് രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
40 മില്യൺ ഫൈസർ വാക്സിനാണ് ബ്രിട്ടൺ ഓഡർ ചെയ്തിരിക്കുന്നത്. ഓരോ വ്യക്തിക്കും രണ്ട് ഡോസ് വീതമാണ് നൽകുക. ഇത്തരത്തിൽ 20 മില്യൺ ജനങ്ങൾക്ക് വാക്സിൻ നൽകാൻ കഴിയും. രാജ്യത്ത് മൊത്തം 67 മില്യൺ ജനങ്ങാളാണ് ഉള്ളത്. ആദ്യ ആഴ്ചയിൽ ഏകദേശം 8 ലക്ഷം ഡോസുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കെയർ ഹോം ജീവനക്കാർക്കും 80 വയസിന് മുകളിൽ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന.
സ്പെയ്നിലെ ബാഴ്സലോണ മൃഗശാലയിൽ നാലു സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് മൃഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മൂന്ന് പെൺ സിംഹങ്ങൾക്കും ഒര് ആൺ സിംഹത്തിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് അധികൃതർ ഇവയെ കൊവിഡ് ടെസ്റ്റ് നടത്തിയത്. നേരത്തെ മൃഗശാലയിലെ രണ്ട് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണോ സിംഹങ്ങൾക്കും രോഗം പടർന്നതെന്ന് അന്വേഷണം നടത്തുകയാണെന്ന് മൃഗശാല അധികൃതർ അറിയിച്ചു.