pic

പെൺകുട്ടികൾക്ക് നേരെ മാത്രമല്ല ആൺകുട്ടികൾക്ക് നേരെയുള്ള ലെെംഗിക അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന കാലത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. ഇത്തരത്തിൽ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
മുംബയിൽ പതിനഞ്ചുകാരനെ ഇരുപത്തിനാലുകാരി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാ‌ർത്ത ഏറെ ഞെട്ടലോടെയാണ് സമൂഹം കേട്ടത്.

ഇതിന് പിന്നാലെ ആൺകുട്ടികളുടെ ലൈംഗികസുരക്ഷയുടെ പ്രാധാന്യം ഓ‌ർമ്മിപ്പിച്ചുകൊണ്ട് ഡോ.ഷിംന അസീസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ച‌ർച്ചാവിഷയമാകുന്നത്. 15കാരനെ പീഡിപ്പിച്ചുവെന്ന വാർത്തയ്ക്ക് താഴെ അതിനെ തമാശയാക്കിയുള്ള കമന്റുകളാണ്‌ കണ്ടതെന്നും ആൺകുട്ടിക്ക്‌ എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ്‌ കമന്റ്‌ മുതലാളിമാർക്കുള്ളതെന്നും ഷിംന കുറ്റപ്പെടുത്തി.

ഈ സംഭവങ്ങളെല്ലാം ആ കുട്ടിക്ക്‌ എത്രത്തോളം മാനസികാഘാതം നൽകിയിരിക്കാം. അവനൊരു ആൺകുട്ടിയായത്‌ കൊണ്ടാണോ ആരും ഇത് ഓർക്കാത്തതെന്നും ഷിംന ചോദിച്ചു. ആൺമക്കളുടെ ലൈംഗികസുരക്ഷക്ക്‌ വേണ്ടി എന്ത് മുൻകരുതലാണ്‌ രക്ഷിതാക്കളെന്ന നിലയിൽ നമ്മൾ കൈക്കൊള്ളാറുള്ളതെന്നും പെൺകുട്ടിയെ പൊതിഞ്ഞ്‌ പിടിക്കുന്ന നമ്മൾ ആണിന് എത്ര കരുതൽ നൽകുന്നുവെന്നും ഷിംന ചോദിച്ചു.



ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയായ പേയിംഗ്‌ ഗസ്‌റ്റ്‌ അറസ്‌റ്റിൽ എന്ന്‌ വാർത്ത. ആ കുഞ്ഞിന്റെ അമ്മയുടെ പരാതിപ്രകാരം പോക്‌സോ കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ വാർത്തക്ക്‌ താഴെ മുഴുവൻ അതിനെ തമാശയാക്കിയുള്ള കമന്റുകളാണ്‌ കണ്ടത്‌. ആൺകുട്ടിക്ക്‌ എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ്‌ കമന്റ്‌ മുതലാളികൾക്ക്‌ !!

ഈ സംഭവങ്ങളെല്ലാം ആ കുട്ടിക്ക്‌ എത്രത്തോളം മാനസികാഘാതം നൽകിയിരിക്കാം എന്നാരും ഓർക്കാത്തതെന്താണ്‌? അവനൊരു ആൺകുട്ടിയായത്‌ കൊണ്ടോ? ആൺമക്കളുടെ ലൈംഗികസുരക്ഷക്ക്‌ വേണ്ടി എന്ത് മുൻകരുതലാണ്‌ രക്ഷിതാക്കളെന്ന നിലയിൽ നമ്മൾ കൈക്കൊള്ളാറുള്ളത്‌? പെൺകുട്ടിയെ പൊതിഞ്ഞ്‌ പിടിക്കുന്ന നമ്മൾ ആണിനെ എത്ര കരുതുന്നു?

വേദനയും അറപ്പുമുള്ള ശരീരവും മുറിവേറ്റ ആത്മവിശ്വാസവുമായി ആരോടും മിണ്ടാനാകാതെ ഉഴറുന്ന ആൺമക്കൾ അത്രയൊന്നും അപൂർവ്വതയല്ല. ആണിനെ പീഡിപ്പിക്കുന്ന ആണും പെണ്ണുമുണ്ട്‌. 'പീഡിപ്പിക്കപ്പെട്ടു' എന്ന്‌ സമ്മതിക്കുന്ന ആൺകുഞ്ഞിനോടും സമൂഹം ആവർത്തിച്ച്‌ ക്രൂരത കാണിക്കുന്നുണ്ടാകാം. അപഹാസങ്ങളോ അതിക്രമങ്ങളോ അവനിലും ആവർത്തിക്കുന്നുണ്ടാകാം.

ആണോ പെണ്ണോ ആവട്ടെ, സ്വകാര്യാവയവങ്ങൾ അന്യർ കാണരുതെന്നും സ്‌പർശിക്കരുതെന്നും തിരിച്ചവരുടെ ഭാഗങ്ങളും സ്‌പർശിക്കരുതെന്നും പറഞ്ഞ്‌ കൊടുക്കുക. ലൈംഗികദൃശ്യങ്ങൾ കാണിച്ച്‌ തരുന്നത്‌ അനുവദിക്കരുതെന്ന്‌ പറയുക. ഇങ്ങനെയുണ്ടാകുന്ന ഏതൊരു ചലനവും രക്ഷിതാവിനെ അറിയിക്കണമെന്ന്‌ അവർ മിണ്ടിത്തുടങ്ങുന്ന കാലം തൊട്ട്‌ അവരുടെ രീതിയിൽ പറഞ്ഞ്‌ കൊടുക്കുക. മക്കൾ ഇത്തരം കാര്യങ്ങൾ വന്ന്‌ പറയുമ്പോൾ 'ലൈംഗികാരോപണം'നടത്താൻ അവരായിട്ടില്ലെന്ന്‌ മനസ്സിലാക്കുക. അവരെ വിശ്വസിക്കുക.

പിന്നെ, പെണ്ണിനും ആണിനും ട്രാൻസിനും ലൈംഗികാതിക്രമം 'ആസ്വദിക്കാൻ' ആവില്ലെന്നറിയുക. ബാലപീഡനം, ബലാത്സംഗം തുടങ്ങി ഏതായാലും അതിക്രമം മാത്രമാണ്‌. ക്രിമിനൽ കുറ്റമാണ്‌. അവനവന്‌ വരും വരെ മാത്രം 'വെറും വാർത്ത'യും വന്ന്‌ പെട്ടാൽ ആയുസ്സ്‌ മൊത്തം അനുഭവിക്കേണ്ട നീറ്റലുമാണ്‌.

ആണായാലുമവൻ കുഞ്ഞാണ്‌.

നമ്മളെന്താണിങ്ങനെ !!'