
അമരാവതി: കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണ് ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ അജ്ഞാത രോഗത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. എയിംസിലെ വിദഗ്ദ്ധരുടെ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി സ്ഥിതിഗതികൾ വിലയിരുത്തി.
ഫിറ്റ്സ്, ഓക്കാനം എന്നിവ ബാധിച്ച് ആളുകൾ പെട്ടെന്ന് അബോധാവസ്ഥയിലാകുകയായിരുന്നു. അപസ്മാര ലക്ഷണങ്ങൾ കാണിക്കുക, മിനിറ്റുകൾ നീണ്ട ഓർമക്കുറവ്, ഉത്കണ്ഠ, ഛർദ്ദി, തലവേദന, പുറംവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.
രക്തപരിശോധനയും സി.ടി (ബ്രെയിൻ) സ്കാനും നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായിരുന്നില്ല. സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് ടെസ്റ്റുകളിലും സൂചന കിട്ടിയില്ല.
രോഗികളുടെ ശരീരത്തിൽ കണ്ടെത്തിയ വൻതോതിലുള്ള ഇരുമ്പിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി അധികൃതരോട് നിർദ്ദേശിച്ചു.
അതേസമയം, അജ്ഞാതരോഗത്തിന് ചികിത്സ തേടി ആശുപത്രികളിലേക്കു ജനപ്രവാഹമാണ്. 500ലേറെ ആളുകളാണ് ആശുപത്രികളിലെത്തിയത്. അസുഖം ബാധിച്ച് 45 കാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
 കീടനാശിനിയിലെ രാസവസ്തുവെന്നും സംശയം
രാസ വ്യവസായത്തിലും കൃഷിയിലും കൊതുക് നിയന്ത്രണത്തിനും ലോകമെങ്ങും ഉപയോഗിക്കുന്ന ഓർഗനോക്ലോറിൻ (Organochlorine) കീടനാശിനികളുടെ സാന്നിദ്ധ്യത്താലാണോ ആളുകൾക്ക് അസ്വസ്ഥതകൾ ഉണ്ടായതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ടെക്നോളജി പരിശോധിച്ച് വരികയാണ്. ഇതിനാണു കൂടുതൽ സാദ്ധ്യതയെന്നും ലബോറട്ടറി ഫലങ്ങൾ വന്നതിനുശേഷമേ തീർപ്പ് പറയാനാകൂവെന്നും അധികൃതർ വാർത്താഏജൻസിയോടു പറഞ്ഞു.