
സിഡ്നി: ആസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരാമെന്നുള്ള ഇന്ത്യൻ മോഹം പൂവണിഞ്ഞില്ല. ഇന്നലെ നടന്ന മൂന്നാം ട്വന്റി-20യിൽ ഇന്ത്യയെ 12 റൺസിന് കീഴടക്കി ആതിഥേയർ വലിയ നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടു. തോറ്റെങ്കിലും ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ചാമ്പ്യൻമാർമാർക്കുള്ള കിരീടം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഉയർത്തി. ട്വന്റി-20യിൽ തുടർച്ചയായ ഒമ്പത് വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു മത്സരത്തിൽ തോൽക്കുന്നത്.
 ഇന്നലത്തെ മത്സരത്തിൽ നിർണായകമായ മൂന്ന് വിക്കറ്റുകളെടുത്ത ഓസീസിന്റെ സ്വെപ്സൺ മാൻ ഒഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഇരുപതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. മറുപടിക്കായിറങ്ങിയ ഇന്ത്യയ്ക്കായി നായകൻ വിരാട് കൊഹ്ലി പൊരുതി നോക്കിയെങ്കിലും (61 പന്തിൽ 85) മറ്റുള്ളവർ നിരാശപ്പെടുത്തിതിനാൽ  20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വെൽഡൺ വേഡ്
ആരോൺ ഫിഞ്ച് മടങ്ങിയെത്തിയതിനാൽ ക്യാപ്ടൻ സ്ഥാനം കൈമാറേണ്ടി വന്നെങ്കിലും ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിച്ച പ്രകടനം പുറത്തെടുത്ത മാത്യു വേഡാണ് ആസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. 53 പന്ത് നേരിട്ട വേഡ് 53 പന്തിൽ 7 ഫോറിന്റേയും 2 സിക്സിന്റേയും സഹായത്തോടെ 80 റൺസാണ് ആസ്ട്രേലിയൻ സ്കോറിലേക്ക് കൂട്ടിച്ചേർത്ത്.
ഫിഞ്ച് (0) സുന്ദർ എറിഞ്ഞ രണ്ടാം ഓവറിൽ പാണ്ഡ്യയുടെ കൈയിൽ അവസാനിച്ചെങ്കിലും പകരമെത്തിയ സ്മിത്തിനെ ഒരറ്റത്ത് നിറുത്തി വേഡ് സ്ട്രോക്ക് പ്ലേയുടെ കെട്ടഴിക്കുകയായിരുന്നു. സ്മിത്തും (23 പന്തിൽ 24) സുന്ദറിനു കീഴടങ്ങി. എന്നാൽ തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെൽ വേഡിനൊപ്പം കത്തിക്കയറിയതോടെ ആസ്ട്രേലിയൻ സ്കോർ റോക്കറ്റ് പോലെ കുതിച്ചു.
ഇരുവരും മൂന്നാം വിക്കറ്റിൽ 53 പന്തിൽ 90 റൺസ് വാരിക്കൂട്ടിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് അകലുകയായിരുന്നു. സ്കോർ 112ൽ നിൽക്കെ മാക്സ്വെല്ലിനെ ചഹൽ പുറത്താക്കിയെങ്കിലും അമ്പയർ നോബാൾ വിധിച്ചത് ആസ്ട്രേലിയക്ക് അനുഗ്രഹമായി.
36 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പടെ 53 റൺസാണ് മാക്സ്വെൽ നേടിയത്. വേഡിനെ ഷർദ്ദുൽ താക്കൂർ എൽബിയിൽ കുരുക്കി. 
മാക്സ്വെൽ നടരജന്റെ പന്തിൽ ക്ലീൻബൗൾഡായി. ഇന്ത്യയ്ക്കായി സുന്ദർ രണ്ടും നടരാജനും ഷർദ്ദുൾ താക്കൂറും ഓരോവിക്കറ്റ് വീതവും വീഴ്ത്തി.
ഒറ്റയ്ക്ക് കൊഹ്ലി
മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ കൊഹ്ലിക്കൊഴികെ ആർക്കും പിടിച്ചു നിൽക്കാനായില്ല. 61 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പെടെ 85 റൺസെടുത്ത് കൊഹ്ലി അവസാന ഓവറിലാണ് പുറത്താകുന്നത്. ശിഖർ ധവാൻ (28), ഹാർദ്ദിക് പാണ്ഡ്യ (20), ഷർദ്ദുൽ താക്കൂർ (പുറത്താകാതെ 17) എന്നിവരാണ് അൽപമെങ്കിലും പിടിച്ചു നിന്ന മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ. മലയാളി താരം സഞ്ജു 10 റൺസെടുത്ത് പുറത്തായി. ശ്രേയസ്, രാഹുൽ എന്നിവർ ഡക്കായി. സ്വെപ്സൺ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും തകർപ്പൻ ഫീൽഡിംഗുമായി സഞ്ജു കൈയടി നേടി.
ഡി.ആർ.എസിനായി കൊഹ്ലിയുടെ
അപ്പീൽ അനുവദിച്ചില്ല
ഇന്നലെ വേഡിനെതിരെ കൊഹ്ലിയുടെ ഡി.ആർ.എസ് അപ്പീൽ അമ്പയർ അനുവദിച്ചില്ല. നടരാജൻ എറിഞ്ഞ 11-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. വേഡിന്റെ പാഡിൽ തട്ടിയതോടെ നടരാജൻ അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല.
 നടരാജനോ കീപ്പർ കെ.എൽ രാഹുലോ റിവ്യു എടുക്കാൻ താത്പര്യം കാട്ടിയില്ല. ഇതിനിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതിന്റെ റീപ്ലേ വന്നതോടെ ക്യാപ്ടൻ വിരാട് കൊഹ്ലി റിവ്യൂ എടുക്കാൻ ആംഗ്യം കാട്ടി. ഇതനുസരിച്ച് തേർഡ് അമ്പയർ റീപ്ലേകൾ പരിശോധിക്കാൻ തുടങ്ങുന്നതിന് മുമ്പേ വേഡ് അമ്പയർമാരോട് അതൃപ്തി അറിയിച്ചു. ഇതിനു പിന്നാലെ അമ്പയർമാർ റിവ്യൂ എടുക്കാനാകില്ലെന്ന് കൊഹ്ലിയെ അറിയിക്കുകയായിരുന്നു. പന്തെറിഞ്ഞ് 15 സെക്കൻഡുകൾക്കുള്ളിൽ റിവ്യൂ എടുക്കണമെന്നാണ് നിയമം.
മാൻ ഒഫ് ദ സീരിസ്  അവാർഡ് നടരാജന് നൽകി ഹാർദ്ദിക്, കിരീടം നൽകി കൊഹ്ലി
ഇന്ത്യ -ആസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ താരമായി ഹാർദ്ദിക് പാണ്ഡ്യയെയാണ് ഔദ്യോഗികമായി തിരഞ്ഞെടുത്തതെങ്കിലും തനിക്ക് കിട്ടിയ പുരസ്കാരം മികച്ച ബൗളിംഗ് കാഴ്ചവച്ച പുതുമുഖ താരം ടി. നടരാജന് നൽകി പാണ്ഡ്യ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ വലിയ മാതൃകയായി. തനിക്ക് കിട്ടിയ ട്രോഫി നടരാജന് നൽകിയുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് പാണ്ഡ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സീരിസിൽ അങ്ങേയറ്റം മികച്ച പ്രകടനമാണ് നടരാജാ നിങ്ങൾ പുറത്തെടുത്തത്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ അതിമനോഹരമായിരുന്നു നിങ്ങളുടെ പ്രകടനം. ഇന്ത്യൻ ജേഴ്സിയിലെ അരങ്ങേറ്റം നിന്റെ കഴിവിനേയും കഠിനാധ്വാനത്തേയും ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു. എന്റെ അഭിപ്രായത്തിൽ നീയാണ് മാൻ ഒഫ് ദ സീരിസ്.അഭിനന്ദനങ്ങൾ -പാണ്ഡ്യ ഇൻസ്റ്റയിൽ കുറിച്ചു. അതുപോലെ തന്നെ ഇന്ത്യൻ ടീമിന് കിട്ടിയ ചാമ്പ്യൻസ് കിരീടം നായകൻ കൊഹ്ലി നടരാജന്റെ കൈയിലാണ് നൽകിയത്.