car-sales

കൊച്ചി: ഒക്‌ടോബർ-നവംബർ മാസങ്ങളിലായി 42 ദിവസം നീണ്ട ഇത്തവണത്തെ ഉത്സവകാലത്ത് റീട്ടെയിൽ വാഹന വിപണി നേരിട്ടത് മൊത്തം വില്പനയിൽ 4.74 ശതമാനം നഷ്‌ടം. 25.15 ലക്ഷം വാഹനങ്ങളാണ് ഇക്കുറി പുതുതായി നിരത്തിലെത്തിയതെന്ന് വാഹന ഡീലർമാരുടെ കൂട്ടായ്മയായ ഫെഡററേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.

2019ലെ ഉത്സവകാല വില്പന 26.40 ലക്ഷം യൂണിറ്റുകളായിരുന്നു. ഇത്തവണ പാസഞ്ചർ വാഹനവില്പന (കാറുകൾ) 13.60 ശതമാനം മെച്ചപ്പെട്ടു. 3.79 ലക്ഷം യൂണിറ്റുകളിൽ നിന്ന് 4.31 ലക്ഷം യൂണിറ്റുകളിലേക്കാണ് വളർച്ച. ട്രാക്‌ടറുകളാണ് വില്പനനേട്ടം കുറിച്ച മറ്റൊരു വിഭാഗം. വില്പന ഉയർന്നത് 49,094ൽ നിന്ന് 73,003 യൂണിറ്റുകളിലേക്ക്; നേട്ടം 48.70 ശതമാനം. ടൂവീലറുകൾ 6.31 ശതമാനം, ത്രീവീലറുകൾ 60.27 ശതമാനം, വാണിജ്യ വാഹനങ്ങൾ 22.29 ശതമാനം എന്നിങ്ങനെ നഷ്‌ടം കുറിച്ചു.

നവംബറിന്റെ നേട്ടം

കഴിഞ്ഞമാസം റീട്ടെയിൽ പാസഞ്ചർ വാഹനവില്പന വളർച്ച 2019 നവംബറിനേക്കാൾ 4.17 ശതമാനമാണ്. 2.79 ലക്ഷത്തിൽ നിന്ന് 2.91 ലക്ഷം യൂണിറ്റുകളിലേക്ക് വില്പന ഉയർന്നു. ട്രാക്‌ടറുകളുടെ നേട്ടം 8.47 ശതമാനം.

ടൂവീലർ 21.40 ശതമാനം, ത്രീവീലർ 64.98 ശതമാനം, വാണിജ്യ വാഹനം 31.22 ശതമാനം എന്നിങ്ങനെ നഷ്‌ടം നേരിട്ടു. നവംബറിലെ മൊത്തം വാഹന വില്പനനഷ്‌ടം 19.29 ശതമാനം.