
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എൽ.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുന്നത്. കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനിടെയാണ് എം.കെ മുനീർ എം.എൽ.എക്ക് എതിരെയും പരാതി ഉയർന്നത്. കെ.എം ഷാജി എം.എൽ.എയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി.
ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു.
സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്.