pic

മൂന്നാർ:തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട‌ർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യു.ഡി.എഫ് സ്ഥാനാർഥിയും കൂട്ടാളികളും അറസ്റ്റിൽ. പള്ളിവാസൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി എസ്.സി രാജയേയും കൂട്ടരെയുമാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്.


ബൂത്തിനു സമീപത്തായുള്ള മേഘദൂത് റിസോർട്ടിൽ മദ്യ സൽക്കാരം നടത്തുന്നതിനിടെയാണ് സ്ഥാനാർഥി എസ്.സി.രാജയും പ്രവർത്തകരായ പിച്ചമണി (30) , മുരുകൻ (32) എന്നിവരെ പൊലീസ് നാടകീയമായി പിടികൂടിയത്. മൂന്നാർ എസ്.ഐ കെ.എം സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റിസോർട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് ഇവരിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ സ്ഥാനാർഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. 171 വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

തോട്ടംമേഖലയിൽ പണവും മദ്യവും നൽകി വോട്ടമാരെ സ്വാധീനിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി എ.എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് വാർഡുകൾതോറും പരിശോധന നടത്തിയിരുന്നു.