
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ചെമ്പഴന്തി വാര്‍ഡിലെ ഏഴാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതി. മണക്കല്‍ എല്‍പി സ്‌കൂളിലാണ് സംഭവം. വോട്ടുചെയ്യാനെത്തിയ കരിഷ്മ എസ്എസ് എന്ന യുവതിയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി ബാലറ്റില്‍ വോട്ടുചെയ്തു.
ഇതിനിടെ ബി ജെ പി കള്ള വോട്ട് ചെയ്തുയെന്ന് ആരോപിച്ചു കൊണ്ട് എല്‍ ഡി എഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ബി ജെ പി ഇന്‍ ഏജന്റ് വോട്ടര്‍ക്ക് പണം നല്‍കിയെന്നും എല്‍ ഡി എഫ് ആരോപിച്ചു. സി പി ഐ എമ്മിന്റെ പരാതിയെതുടര്‍ന്ന് ബി ജെ പിയുടെ ഇന്‍ ഏജന്റിനെ ബൂത്തില്‍ നിന്ന് മാറ്റി. ഇത് അറിഞ്ഞെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥി ചെമ്പഴന്തി ഉദയന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സി പി ഐ എം ഏജന്റുമാരുമായി തര്‍ക്കത്തിലായി.
തര്‍ക്കത്തെത്തുടര്‍ന്ന് പതിനഞ്ചു മിനിട്ടോളം വോട്ടിംഗ് തടസ്സപ്പെട്ടു. 'ഇതെന്റെ ആദ്യത്തെ വോട്ടായിരുന്നു. വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ വേറെ ആരോ എന്റെ വോട്ട് ചെയ്തു. വിഷമമുണ്ടായിരുന്നു. പിന്നെ ബാലറ്റില്‍ വോട്ട് ചെയ്തു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്' വോട്ടറായ കരിഷ്മ പറഞ്ഞു.
അതെസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തിലാണ് രണ്ടാമത്തെ സംഭവം. മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.