
ഒരാഴ്‌ചയ‌്ക്കിടെ പവന് കൂടിയത് 1,360 രൂപ
കൊച്ചി: ആഭരണപ്രേമികളെ ആശങ്കപ്പെടുത്തി സ്വർണവില വീണ്ടും കുത്തനെ കൂടുന്നു. ഇന്നലെ ഒറ്റദിവസം പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കൂടി. 37,720 രൂപയിലായിരുന്നു ഇന്നലെ പവൻ വ്യാപാരം; ഗ്രാം വില 4,460 രൂപ. ഈമാസം മാത്രം ഇതുവരെ പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയും കൂടി.
കൊവിഡ് കാലത്ത്, ഓഹരി-കടപ്പത്ര വിപണികളെ കൈവിട്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകലോകം സ്വർണത്തിൽ ചേക്കേറിയിരുന്നു. ഇതിന്റെ കരുത്തിൽ രാജ്യാന്തര സ്വർണവില ഔൺസിന് ആഗസ്‌റ്റിൽ 2,000 ഡോളർ കടന്ന് സർവകാല റെക്കാഡിട്ടു. കേരളത്തിൽ പവൻ വില ആഗസ്‌റ്റ് ഏഴിന് 42,000 രൂപയെന്ന പുതിയ ഉയരത്തിലുമെത്തിയിരുന്നു; 5,250 രൂപയായിരുന്നു അന്ന് ഗ്രാമിന്.
എന്നാൽ, കൊവിഡ് വാക്‌സിൻ സജ്ജമാകുന്ന വാർത്തകൾ ഓഹരി-കടപ്പത്ര നിക്ഷേപങ്ങളെ വീണ്ടും ഉണർവിലാക്കി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന പട്ടം നഷ്‌ടപ്പെട്ട സ്വർണത്തിന്റെ വില വൻതോതിൽ ഇടിഞ്ഞത് ആഭരണ പ്രിയർക്ക് ആശ്വാസമായിരുന്നു. 35,760 രൂപവരെയാണ് പവൻവില താഴ്‌ന്നത്.
എന്നാൽ, ഇന്ത്യയടക്കം ഏഷ്യൻ വിപണികളിൽ വീണ്ടും പ്രിയമേറിയത് സ്വർണത്തിന് ഗുണം ചെയ്‌തു. ഔൺസിന് 1,700 ഡോളർ നിരക്കിലേക്ക് താഴ്‌ന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 1,868 ഡോളറിലാണ്.