anna-hazare

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധ സമരം നടത്തിവന്നിരുന്ന
കർഷകർക്ക് പിന്തുണ അറിയിച്ച് അപ്രതീക്ഷിതമായാണ് സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ
രംഗത്തെത്തിയത്. കര്‍ഷകരുടെ താത്പര്യത്തിന് അനുസൃതമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ നിരാഹാര സത്യഗ്രഹവും നടത്തി.

എന്നാൽ ഇതുവരെ സമരത്തിന് പിന്തുണ നൽകാതിരുന്ന ഹസാരെയുടെ പെട്ടെന്നുള്ള വരവില്‍ നിഗൂഢതയുണ്ടെന്നാണ് ഇപ്പോൾ സമൂഹമദ്ധ്യമങ്ങളിൽ നിറയുന്ന ട്രോളുകൾ. ഹസാരെയെ സമരം പൊളിക്കാൻ ബി.ജെ.പി നിയോഗിച്ചതാണെന്നാണ് സോഷ്യൽ മീഡിയയിലെ ആളുകളുടെ അഭിപ്രായം.

ബി.ജെ.പി ആര്‍.എസ്.എസ് ടീമിന് വേണ്ടി രഹസ്യ അജണ്ടയുമായി നടക്കുന്നയാളാണ് അണ്ണാ ഹസാരെയെന്നും സമരത്തിൽ നിന്ന് ഹസാരെയെ മാറ്റി നിറുത്തണമെന്നും ചിലർ പറയുന്നു. സോഷ്യൽ മീഡിയ എങ്ങനെയാണ് ഹസാരെയുടെ പുതിയ നീക്കത്തെ വിലയിരുത്തുന്നതെന്ന് നോക്കാം. പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ സ്വാതി ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ”ഏറ്റവും വെറുക്കപ്പെടേണ്ട ആര്‍.എസ്.എസ് ഉത്പ്പന്നമാണ് അണ്ണാ ഹസാരെ”.

ബ്ലോഗറായ അനുരാഗിന്റെ ട്വീറ്റ്: ”അണ്ണാ ഹസാരെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റിരിക്കുന്നു. ഇയാളെ സൂക്ഷിക്കണം. നാഗ്പൂരിലെ കാവിക്കാര്‍ക്കുവേണ്ടി കര്‍ഷക സമരത്തെ ഇദ്ദേഹം അട്ടിമറിക്കും.” സാമൂഹിക പ്രവര്‍ത്തകനായ ചിനു മഹാപാത്ര: ”അണ്ണാ ഹസാരെയെ വിശ്വസിക്കരുത്. അയാള്‍ ബി.ജെ.പി-ആര്‍.എസ്.എസ് ടീമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആടിക്കളിക്കുന്ന യന്ത്രപ്പാവയാണ്.”

മാദ്ധ്യമപ്രവര്‍ത്തകനായ പവ്‌നീത് സിംഗ് പറയുന്നു: ”അണ്ണാ ഹസാരെ തന്റെ ഫാംഹൗസില്‍ തന്നെ തുടരുന്നതാണ് നല്ലത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കര്‍ഷക മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ഇത് സംഘ്പരിവാറിന്റെ കുരുട്ടുബുദ്ധിയാണ്. നേരത്തേ ലോക്പാല്‍ സമരത്തിലെ പോലെ ഇയാളെ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള പിണിയാളായി ഉപയോഗിക്കുകയാണ്.” ഇത്തരത്തില്‍ നിരവധി പേരാണ് ഹസാരെയുടെ പുതിയ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.


റലിഗാം സിദ്ദിയില്‍ പദ്മാദേവി ക്ഷേത്രത്തിന് സമീപത്തായി ഇന്ന് രാവിലെ മുതലാണ് കർഷകർക്ക് അനുകൂലമായി ഹസാരെ സത്യാഗ്രഹം ആരംഭിച്ചത്. കർഷകരുടെ താത്പര്യങ്ങൾക്ക് അനുകൂലമായിതീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെതിരെ മുഴുവന്‍ കര്‍ഷകരും സമരരംഗത്തിറങ്ങണമെന്ന് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സത്യഗ്രഹവുമായി ഹസാരെ രംഗത്തെത്തിയത്.