
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ത് അവരുടെ ശക്തിപ്രകടനമായി. ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളിലെ പതിനായിരം കേന്ദ്രങ്ങളിൽ ബന്താചരിച്ചതായി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു.
പ്രക്ഷോഭത്തിന് കർഷകർ തുടക്കം കുറിച്ച പഞ്ചാബിലും ഹരിയാനയിലും സമരക്കാർ വ്യാപകമായി റോഡുകൾ ഉപരോധിച്ചതും കച്ചവടസ്ഥാപനങ്ങൾ അടഞ്ഞു കിടന്നതും ജനജീവിതത്തെ സാരമായി ബാധിച്ചു. രാവിലെ മുതൽ ദേശീയപാതകളിലും ഹൈവേകളിലും ഉപരോധം തുടങ്ങി. ഹരിയാന ഗുഡ്ഗാവിനടുത്ത ബിലാസ് പുരിൽ ഉപരോധത്തിൽ പങ്കെടുത്ത കിസാൻസഭ ജോ.സെക്രട്ടറി കെ.കെ രാഗേഷ് എം.പി, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജോ.സെക്രട്ടറി വിക്രം സിംഗ് തുടങ്ങിവരെ അറസ്റ്റ് ചെയ്ത് നീക്കി. കാൺപുരിൽ സി.പി.എം പി.ബി അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കി. രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് ശിവകുമാർ കക്കാജി, തമിഴ്നാട്ടിൽ നിന്നുള്ള കർഷക നേതാവ് അയ്യാക്കണ്ണ് എന്നിവർ ഡൽഹിയിൽ അറസ്റ്റിലായി. പഞ്ചാബിൽ 50,000 സർക്കാർ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു. ഡൽഹി അംബാല, ഡൽഹി ഹിസാർ, ഡൽഹി - പൽവാൽ ഡൽഹി - റെവാരി ദേശീയ പാതകളിൽ ഗതാഗത തടസമുണ്ടായി. ഭട്ടിൻ - അബംല, ബട്ടിൻഡ - ജിന്ദ് റെയിൽവെ ലൈനുകൾ ഉപരോധിച്ചു.
മോഗ, ഫിറോസ്പുർ, ഫരീദ്‌കോട്ട്, ബർണാല, മുക്താർ ജില്ലകളിൽ കടകളും മറ്റു വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടുന്നു.
ലുധിയാനയിൽ വനിതകൾ റോഡ് ഉപരോധിച്ച് കീർത്തനങ്ങൾ ആലപിച്ചു.
ഡൽഹിയിൽ വിവിധയിടങ്ങളിൽ റോഡ് ഉപരോധം ശക്തമായിരുന്നു. കർഷകർ സമരം ചെയ്യുന്ന സിംഘു അതിർത്തിക്കു സമീപം സമരക്കാർ ദേശീയപാത 44 ഉപരോധിച്ചു. തിക്രി അതിർത്തിക്കു സമീപമുള്ള പണ്ഡിറ്റ് ശ്രീറാം ശർമ്മ സ്റ്റേഷൻ ഡൽഹി മെട്രോ അടച്ചിട്ടു. ഡൽഹി-യു.പി അതിർത്തിയിലെ ഗാസിപ്പുരിൽ നാലു മണിക്കൂർ റോഡ് തടഞ്ഞു. വടക്കൻ ഡൽഹിയിലെ ബുറാഡി മൈതാനത്ത് കർഷകർ പ്രാർത്ഥന നടത്തി. ആംആദ്മി പാർട്ടി ഐ.ടി.ഒയിൽ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ഡൽഹിയിലെ വിവിധ ജില്ലാ കോടതികളിൽ അഭിഭാഷകർ പ്രതിഷേധത്തിന്റെ ഭാഗമായി.
ജയ്പുരിൽ സംഘർഷം
........................
രാജസ്ഥാനിലെ ജെയ് പുരിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. ബിഹാറിലെ ദർഭംഗയിൽ ആർ.ജെ.ഡി പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിച്ചു. ബീഹാറിലെ അരേറിയ, ഉത്തരാഖണ്ഡിലെ ജോഷിമഠ്, അസാമിലെ ഗുവാഹത്തി, ജാർഖണ്ഡിലെ റാഞ്ചി തുടങ്ങിയ കേന്ദ്രങ്ങളിൽ തൊഴിലാളികളും കർഷകരും റോഡ് ഉപരോധിച്ചു.
മഹാരാഷ്ട്രയിലെ പൂനെ,നാസിക്, നാഗ്പുർ, ഔറംഗബാദ് നഗരങ്ങളിലെ മൊത്തവ്യാപാര കേന്ദ്രങ്ങളും സംസ്ഥാനത്തെ എ.പി.എം.സി മാർക്കറ്റുകളും അടഞ്ഞുകിടന്നു. റാലേഗാൻ സിദ്ധിയിലെ ഗ്രാമത്തിൽ സാമൂഹ്യപ്രവർത്തകൻ അണ്ണാഹസാരെ ഉപവസിച്ചു.
പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളിൽ ട്രെയിൻ തടഞ്ഞു.
ചണ്ഡിഗഢിൽ ദേശീയപാത ഉപരോധിച്ചു. ഗുജറാത്തിലും വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളുണ്ടായി.
പുതുച്ചേരിയിൽ മുഖ്യമന്ത്രി വി.നാരായണസ്വാമി പ്രതിഷേധത്തിന് നേതൃത്വം നൽകി. കർണാടകയിലെ ബംഗളൂരുവിൽ വിധാൻ സൗധയ്ക്കു മുന്നിൽ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.