
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍ എന്ന് എ എ പി. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം ഡല്‍ഹി പൊലീസിന്റെ വീട്ടു തടങ്കലില്‍ ആണെന്നാണ് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് പാര്‍ട്ടി ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
'ഞാന്‍ ഇന്ന് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി അതിര്‍ത്തിയിലേക്ക് പോകാനിരുന്നതാണ്. മുഖ്യമന്ത്രിയായല്ല, ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍. ഞാന്‍ പോകുമെന്നറിഞ്ഞ് കേന്ദ്രം എന്നെ മനപൂര്‍വ്വം പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നതാണ്,' കെജ്രിവാള്‍ പറഞ്ഞു. തിങ്കളാഴ്ച സിംഘുവില്‍ കര്‍ഷക പ്രതിഷേധത്തെ അഭിസംബോധന ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും പുറത്തേക്ക് പോകുവാനോ അകത്തേക്ക് പ്രവേശിക്കുവാനോ ആരേയും അനുവദിക്കുന്നില്ലെന്നാണ് എ എ പി ആരോപിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയിലെ എല്ലാ ഔദ്യോഗിക പരിപാടികളും പാര്‍ട്ടി റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്ന് പാര്‍ട്ടി ആരോപിച്ചു.
ഡല്‍ഹിയിലെ വിവിധ മുന്‍സിപ്പാലിറ്റികളില്‍ നിന്നുള്ള മൂന്ന് മേയര്‍മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പിടികൂടിയിരിക്കുന്നത് എന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണുന്നതിനും അവരുടെ ക്ഷേമം അന്വേഷിക്കാനും മുഖ്യമന്ത്രി കെജ്രിവാള്‍ തിങ്കളാഴ്ച ഡല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സിംഘു അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു.