
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചോ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ? സാമൂഹ്യമാദ്ധ്യമങ്ങളിലെ ഒരു വൈറല്‍ സ്‌ക്രീന്‍ഷോട്ടിലാണ് മോദിയെ ഒബാമ പരിഹസിക്കുന്നതായി കാണുന്നത്. മോദിയും ഒബാമയും ഹസ്തദാനം ചെയ്യുന്ന ചിത്രമുള്ള സ്‌ക്രീന്‍ഷോട്ട് #FarmerProtest2020 എന്ന ഹാഷ്ടാഗിലാണ് ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. 'നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കിയതില്‍ എനിക്കിന്ന് ലജ്ജ തോന്നുന്നു' എന്ന് ഒബാമ ട്വീറ്റ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്. ഡിസംബര്‍ അഞ്ചാണ് സ്‌ക്രീന്‍ഷോട്ടിലെ തീയതി.
എന്നാല്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചത് എന്നാണ് വ്യക്തമാകുന്നത്. ഡിസംബര്‍ ഏഴ് വരെ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് യാതൊരു പ്രതികരണവും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബരാക് ഒബാമ നടത്തിയിട്ടില്ല. ഡിസംബര്‍ അഞ്ചിന് ഒബാമ ചെയ്ത ട്വീറ്റുകള്‍ രണ്ടും 'A Promised Land' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ കുറിച്ചുള്ളതാണ്.
ട്വീറ്റിലെ അക്ഷരത്തെറ്റുകളും(hand shake, shamefull) പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഒബാമയുടേത് അല്ല എന്ന് അടിവരയിടുന്നു. അതെസമയം, പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്ന ചിത്രം 2014ല്‍ നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയിട്ടുള്ളതാണ് എന്നും വ്യക്തമായിട്ടുണ്ട്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തിന് കാനഡയുടെ ഉള്‍പ്പടെ അന്താരാഷ്ട്ര പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
