honey-trap

കാസർകോട്:ഹണി ട്രാപിൽ പെടുത്തി കാൽ കോടി രൂപ തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കെ.നൗഫലാണ് പൊലീസിന്റെ പിടിയിലായത്. യുവതിയ്ക്ക് ഒപ്പമുള്ള നഗ്നചിത്രങ്ങൾ കെെയ്യിലുണ്ടെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നും നൗഫല്‍ ഭീഷണി മുഴക്കിയതായി അബ്ദുല്‍ ഖാദര്‍ എന്നയാൾ പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

അബ്ദുല്‍ ഖാദര്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി ഒണ്‍ലൈനിലൂടെ ചാറ്റിംഗ് ‌ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്കൊപ്പമുള്ള നഗ്നചിത്രങ്ങൾ കെെയ്യിലുണ്ടെന്ന്
കാണിച്ച് നൗഫല്‍ ഖാദറിനെ സമീപിച്ചത്. ചിത്രം പുറത്തു വിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു നൗഫലിന്റെ ആവശ്യം.എന്നാൽ തുക കൂടുതലാണെന്ന് പറഞ്ഞതോടെ പത്ത് ലക്ഷം നൽകണമെന്നായി ആവശ്യം.കെണിയിൽ പെട്ടത് മനസിലാക്കിയ ഖാദ‌ർ 50,000 രൂപയുമായി നൗഫലിനെ സമീപിച്ചെങ്കിലും അത് വാങ്ങി ബാക്കി പണവുമായി വരാൻ ഇയാൾ ആവശ്യപ്പെട്ടതായും ഖാദർ പറയുന്നു.

ഇതിന് പിന്നാലെയാണ് ഖാദർ വിദ്യാനഗര്‍ പൊലീസിൽ പരാതിപ്പെട്ടത്. തുടര്‍ന്ന്‌ ബാക്കി തുക ശരിയായിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ വിളിച്ച്‌ വരുത്തുകയും നൗഫലിനെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാളിൽ നിന്നും മൊബെെൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നൗഫലിനൊപ്പം നിരവധി പേരുണ്ടെന്നും ഇവർക്കതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.വിദ്യാനഗര്‍ സി.ഐ വി.വി.മനോജ്‌, എസ്‌.ഐ വിഷ്‌ണു, സിവില്‍ പൊലീസ്‌ ഓഫീസര്‍ നിശാന്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.