
വാഷിങ്ടൺ: കൊവിഡ് 19നെ ചെറുക്കാൻ ജനങ്ങൾ ഫൈസർ വാക്സിൻ ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വാക്സിൻ ഉപയോഗിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഏജൻസിയുടെ കണ്ടെത്തൽ.
എത്രയും പെട്ടന്ന് വാക്സിൻ ഉപയോഗിക്കാൻ കഴിയുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന് അനുമതി നൽകാൻ എഫ്.ഡി.എ അംഗങ്ങൾ യോഗം ചേരാനിരിക്കെയായാണ് ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നത്.
അതേസമയം വാക്സിൻ പ്രയോഗിക്കാൻ അമേരിക്കയിലെ ജനങ്ങൾ ആശങ്ക കാട്ടുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ വാക്സിന്റെ ആവശ്യകത ജനങ്ങളെ മനസിലാക്കിക്കൊടുക്കാനും അതിനോടുള്ള ഭയവും വിമുഖതയും മാറ്റാനും രാജ്യത്തെ മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ് എന്നിവർ പൊതുജനത്തിന് മുന്നിൽ വാക്സിൻ കുത്തിവയ്ക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു.