
വാഷിങ്ടൺ: ഈ വർഷത്തെ പേഴ്സൺ ഒഫ് ദി ഇയറായി ടൈം മാസിക തിരഞ്ഞെടുത്തിരിക്കുന്നത് കൊവിഡ് 19 പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പൊലീസ് തുടങ്ങിയവരെയാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും സ്വന്തം ജീവൻ പണയം വച്ച് സേവനത്തിനിറങ്ങിയ അവശ്യസേവനമേഖലയിലെ വ്യക്തികളെയാണ് ടൈം മാസികയുടെ വായനക്കാർ തിരഞ്ഞെടുത്തത്. 2020 സ്വാധീനിച്ച വ്യക്തികളെയൊ സംഘങ്ങളെയൊ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനാണ് മാസിക വായനക്കാരോട് ആവശ്യപ്പെട്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫെയ്സ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, മാർപ്പാപ്പ തുടങ്ങി എൺപതോളം മത്സരാർഥികളിൽ നിന്നാണ് അവശ്യസേവന ദാതാക്കളെ വായനക്കാർ തിരഞ്ഞെടുത്തത്. എട്ട് ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചതിൽ 6.5ശതമാനം വോട്ടും കൊവിഡ് മുന്നണിപ്പോരാളികൾക്കായിരുന്നു.
ഇതിന് പുറമേ കൊവിഡ് കാലത്ത് വേറിട്ട് നിന്ന മറ്റുവ്യക്തികൾക്കും സംഘങ്ങൾക്കും വായനക്കാരുടെ വോട്ട് ലഭിച്ചിട്ടുണ്ട്. യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറായ ആന്റണി ഫൗസിയും ഇതിൽ ഉൾപ്പെടും. അഞ്ചുശതമാനം വോട്ട് നേടി രണ്ടാംസ്ഥാനമാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
അഗ്നിശമനസേന പ്രവർത്തകരായ 4.3 ശതമാനം വോട്ടുകൾ നേടി മൂന്നാംസ്ഥാനം സ്വന്തമാക്കി. ഓസ്ട്രേലിയ മുതൽ അമേരിക്ക വരെ ലോകമെമ്പാടുമുണ്ടായ കാട്ടുതീ നേരിടാൻ സ്വന്തം ജീവൻ അപകടപ്പെടുത്തിയവരാണ് അഗ്നിശമനസേനാംഗങ്ങളെന്ന് ടൈം പറയുന്നു.
'ബ്ലാക്ക് ലൈവ്സ് മാറ്റർ' ആക്ടിവിസ്റ്റുകളാണ് നാലുശതമാനം വോട്ടുകൾ കരസ്ഥമാക്കി നാലാംസ്ഥാനം നേടി. അമേരിക്കയുടെ നിയുക്ത പ്രസിഡന്റായ ജോ ബൈഡൻ 3.8 ശതമാനം വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്തി.