
തിരുവനന്തപുരം: അഞ്ച് ജില്ലകളിലായി ഇന്ന് നടന്ന ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 72.67 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിലും മികച്ച പോളിംഗ് ഉണ്ടായത് തിരഞ്ഞെടുപ്പിലും ജനാധിപത്യ സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാർഡുകളും. 12, 643 പോളിംഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ൽ അധികം തപാൽ വോട്ടുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം-69.76%, കൊല്ലം- 73.41%, പത്തനംതിട്ട- 69.70%, ആലപ്പുഴ- 77.23%, ഇടുക്കി- 74.56% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ 59.73 ശതമാനവും, കൊല്ലം കോർപറേഷനിൽ 60.06 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഡിസംബർ 10നാണ് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.