biplab-

അഗ‌ർത്തല: ജനങ്ങൾ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിപ്ലബ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ചില ബി.ജെ.പി പ്രവർത്തകർ പരസ്യമായി പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"ത്രിപുരയിലെ ജനങ്ങളിൽ നിന്ന് ഒരു കാര്യം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിസംബർ 13ന് ഉച്ചയ്ക്ക് 2 മണിക്ക് ഞാൻ അസ്തബാൽ മൈതാനത്തേക്ക് പോകും.നിങ്ങളെ എല്ലാവരെയും അവിടേക്ക് ക്ഷണിക്കുന്നു.അപ്പോൾ നിങ്ങൾക്ക് പറയാം ഞാൻ തുടരണോ പിൻമാറണമോയെന്ന്. പോകണമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ അത് അനുസരിക്കുകയും ത്രിപുരയിലെ ജനങ്ങൾക്ക് ഇത് ആവശ്യമാണെന്ന് ഹെെക്കമാഡിനെ അറിയിക്കുകയും ചെയ്യും." ബിപ്ലബ് ദേബ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി കേന്ദ്ര വക്താവ് വിനോദ് സോങ്കറിന്റെ ത്രിപുര സന്ദർശനത്തിനിടെയാണ്
നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. "ബിപ്ലബിനെ ഒഴിവാക്കു ബി.ജെ.പി.യെ രക്ഷിക്കു"വെന്ന മുദ്രാവക്യം ഉയർത്തിയാണ് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പ്രവർത്തകർ തന്നെ മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്നത് പാർട്ടിക്കുള്ളിൽ വിള്ളൽ വീണതിന്റെ സൂചനയാണ്.