amith-sha

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾ രൂക്ഷമാകുന്നതിനിടെ കർഷക നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ച പരാജയം. കാർഷിക നിയമത്തിൽ ഭേദഗതി വരുത്താമെന്ന് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദേശം കർഷകർ നിരസിച്ചു.

നിയമം പൂർണമായും റദ്ദാക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.എന്നാൽ ഇത് അംഗീകരിക്കാൻ അമിത് ഷാ തയ്യാറായില്ല. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. അമിത് ഷായുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കൃഷി മന്ത്രി നരേഷ് തോമറുടെ നേതൃത്വത്തിൽ ഇന്ന് നടക്കാനിരുന്ന ആറാം ഘട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ അറിയിച്ചു.

നിയമം റദ്ദാക്കുന്നത് ഒഴിച്ച് ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കർഷകർ."നാളെ കർഷകരും സർക്കാരും തമ്മിൽ ഒരു ചർച്ചയും നടക്കില്ല. കർഷകരുമായി ചർച്ച നടത്താമെന്ന് മന്ത്രി അറിയിച്ചു.എന്നാൽ ഇതിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കാനായി കർഷകർ പ്രത്യേക യോഗം ചേരും." അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി ഹന്നൻ മൊല്ല പറഞ്ഞു.