
കുഞ്ഞുങ്ങളുടെ ദന്താരോഗ്യത്തിന് പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുക, ദന്തരോഗങ്ങൾക്ക് തുടക്കത്തിലെ പ്രതിവിധികൾ സ്വീകരിക്കുക. പല്ലിന്റെ ശുചിത്വം മുലയൂട്ടുന്ന കാലം മുതൽ തുടങ്ങാം. വായിൽ കെട്ടിനിൽക്കുന്ന പാലിന്റെയും കുറുക്കിന്റെയും അംശം നീക്കാൻ ആഹാരശേഷം തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക. ഒപ്പം മൃദുലമായ തുണി വെള്ളത്തിൽ മുക്കി വായ്‌ക്കകം തുടയ്ക്കുക. മധുരമുള്ള ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കുക. പല്ല് മുളച്ച് കഴിഞ്ഞാൽ ആഹാരശേഷം വായ കഴുകുന്നതും രണ്ടുനേരം ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതും ശീലമാക്കണം. പല്ല് തേക്കുമ്പോൾ വിരലുകൾകൊണ്ട് മോണകൾ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്താനും, പല്ലിന്റെ നിരതെറ്റുന്നത് തടയാനും സഹായിക്കും. ഗർഭകാലത്തും മുലയൂട്ടുമ്പോഴും അമ്മയുടെ ആഹാരത്തിൽ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കൾ ഉൾപ്പെടുത്തണം. കുഞ്ഞിന് മുത്താറി, ഏത്തപ്പഴം, പാൽ, പാലുത്പന്നങ്ങൾ, മുട്ട, ഇലക്കറികൾ എന്നിവ ധാരാളം നല്‌കുക.