
2014 ലോകകപ്പിൽ അർജന്റീനയെ ഫൈനലിലെത്തിച്ച പരിശീലകൻ അലക്സാന്ദ്രോ സാബല്ല അന്തരിച്ചു
ബ്യൂണേഴ്സ് അയേഴ്സ്: അർജന്റീന ഫുട്ബാൾ ടീമിന്റെ മുൻ പരിശീലകൻ അലക്സാന്ദ്രോ സാബല്ല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഹൃദയ സംബന്ധമായ ആസുഖത്തേയും അണുബാധയേയും തുടർന്ന് രണ്ടാഴ്ചയോളമായി ബ്യൂണേഴ്സ് അയേഴ്സിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർജന്റീനയുടെ ഇതിഹാസ താരം ഡിയാഗോ മറഡോണ അന്തരിച്ചതിന്റെ പിറ്റേദിവസം നവംബർ 26നാണ് സാബല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം മരുന്നുകളോട് നന്നായി പ്രതികരിച്ചിരുന്നെങ്കിലും തുടർന്ന് ആശുപത്രിയിൽ വച്ച് അണുബാധയുണ്ടായതിനെ തുടർന്ന് നിലവഷളാവുകയായിരുന്നു. രണ്ടാഴ്ചയോളം അദ്ദേഹം ആശുപത്രിയിലായിരുന്നു.
24 വർഷത്തിന് ശേഷം അർജന്റീനയെ 2014ൽ ലോകകപ്പ് ഫൈനലിൽ എത്തിച്ച പരിശീലകനാണ് സാബല്ല. 2011 ൽ സാക്ഷാൽ ലയണൽ മെസിയ്ക്ക് ആദ്യമായി അർജന്റീനയുടെ നായക പദവിനൽകുന്നത് സാബല്ലയാണ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്രേഡിയത്തിൽ വെനിസ്വേലയ്ക്കെതിരെയാണ് മെസി അർജന്റീന നായകന്റെ ആം ബാൻഡ് ആദ്യമായി അണിയുന്നത്. സാബല്ലയുടെ ശിക്ഷണത്തിൽ ആ മത്സരത്തിൽ അർജന്റീന 1-0ത്തിന് ജയിച്ചിരുന്നു.
2011ലെ കോപ്പയിൽ ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടർന്നാണ് ബാറ്രിസ്റ്റയെ മാറ്രി സാബല്ലെയെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ ദേശീയ ടീമിന്റെ പരിശീലകനാക്കുന്നത്. 2014 ലോകകപ്പ് ഫൈനലിന് ശേഷമാണ് അദ്ദേഹം അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്.
റിവർ പ്ലേറ്രിലൂടെ 1974ൽ മിഡ്ഫീൽഡറായി പ്രൊഫഷണൽ ഫുട്ബാൾ കളിച്ചുതുടങ്ങിയ സാബല്ല അർജന്റീനയ്ക്കായി 8 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.