castropignano

പ്രകൃതി സൗന്ദര്യം കൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ആഡംബര ജീവിതം നയിക്കുന്ന ഇറ്റലിക്കാർ പക്ഷെ, സഞ്ചാരികൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. സഞ്ചാരികളുടെ സ്വപ്ന നഗരമായ ഇറ്റലിയിൽ ഒരു വീട് സ്വന്തമാക്കാനുള്ള അപൂർവ്വ അവസരം വന്നിരിക്കുകയാണിപ്പോൾ.

വെറുതെ വീട് സ്വന്തമാക്കുക മാത്രമല്ല, അതിനെ നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ രൂപമാറ്റം വരുത്തുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇറ്റലിയിലെ മോലിസ് പ്രദേശത്തുള്ള കാസ്ട്രോപിഗ്നാനോ എന്ന മലയോരനഗരത്തിലാണ് വീടുകൾ വില്പനയ്ക്കുള്ളത്. ഒരു യൂറോ മുതലുള്ള വീടുകളാണ് വില്പനയ്ക്കുണ്ട്.

ഇവിടുത്തെ ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിലേക്കും വീടുകളിലേക്കുമാണ് പുതിയ ഉടമസ്ഥരെ തേടുന്നത്.

വില്പനയ്ക്കായി 100ൽ അധികം കെട്ടിടങ്ങളും വീടുകളുമാണ് ഇവിടെയുള്ളത്. പകുതി തകർന്നും നശിച്ചും കിടക്കുന്ന കെട്ടിടങ്ങൾ വാങ്ങുന്നവർ തന്നെയാണ് അറ്റുകുറ്റപ്പണികൾ ചെയ്യേണ്ടത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കുന്നവർക്കല്ല, മറിച്ച് ഏറ്റവും ഉചിതമായ രീതിയിൽ ആ കെട്ടിടം വിനിയോഗിക്കുന്നവർക്കാണ് മുൻഗണന.

കെട്ടിടം വാങ്ങുന്നവർ മൂന്നു വർഷത്തിനുള്ളിലാണ് അത് പുതുക്കിപ്പണിയേണ്ടത്. അതിനോടൊപ്പം തന്നെ 2000 ഡോളർ ഗ്യാരന്റിയായി മുൻകൂറായി അടയ്ക്കുകയും വേണം. നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക തിരികെ നല്കും. ആരും കൊതിക്കുന്ന ഗ്രാമഭംഗിയുള്ള കാസ്ട്രോപിഗ്നാനോയിൽ ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ ഇതിലും നല്ലൊരവസരം ഇനി ലഭിക്കില്ല.