
പുരാവസ്തു ശാസ്ത്രത്തിൽ ബിരുദം. പക്ഷേ, പഠന ശേഷം വ്യത്യസ്തമായൊരു തൊഴിൽ മേഖലയാണ് തിരഞ്ഞെടുത്തത്. തേളുകളെ കണ്ടെത്തി അവയുടെ വിഷം ശേഖരിക്കുന്നതിനായി ഈ യുവാവ് മരുഭൂമികളിലും കടലോരങ്ങളിലും അലയാൻ തുടങ്ങി. ഈ അലച്ചിലാണ് മുഹമ്മദ് ഹംദി ബോഷ്ത എന്ന 25കാരനെ കെയ്റോ വെനം കമ്പനിയുടെ ഉടമയാക്കിയത്. ഈജിപ്റ്റിലെ വിവിധ ഫാമുകളിലായി 80,000 തേളുകളെയാണ് ഹംദി വളർത്തുന്നത്. തേളിന്റെ വിഷത്തിന് ആഗോളതലത്തിൽ വലിയ ഡിമാന്റുണ്ട്. ഒരു ഗ്രാം തേൾ വിഷത്തിന് ഏഴ് ലക്ഷം രൂപയാണ് ആഗോളവിപണിയിലെ വില.
ഔഷധ നിർമ്മാണത്തിനാണ് ഇത് അധികമായും ഉപയോഗിച്ചു വരുന്നത്. തേളുകളിൽ ചെറിയ തോതിൽ വൈദ്യുതി കടത്തിവിട്ടാണ് വിഷം പുറത്തെടുക്കുന്നത്. ഒരു ഗ്രാം വിഷം ഉപയോഗിച്ച് തേൾവിഷത്തിന് പ്രത്യൗഷധമായി ഉപയോഗിക്കുന്ന മരുന്നിന്റെ 20,000 മുതൽ 50,000 ഡോസുകൾ വരെ നിർമ്മിക്കാൻ കഴിയും. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് വിഷം പ്രധാനമായും കയറ്റി അയക്കുന്നത്. വിദേശ രാജ്യങ്ങളിൽ ആന്റിവെനം നിർമ്മിക്കാനും  ഉയർന്ന രക്തസമ്മർദ്ദമടക്കമുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു. മരുഭൂമി ആവാസവ്യവസ്ഥയാക്കിയ മാരക വിഷമുള്ള പാമ്പുകളുടെ ഫാമും ഹംദി സ്ഥാപിച്ചിട്ടുണ്ട്. ഹംദി പാമ്പിൻ വിഷവും വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാറുണ്ട്.