
ന്യൂയോർക്ക്: ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയിലെ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും, ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽഗേറ്റ്സിന്റെ പ്രശംസ.
ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും, ബാങ്കുകൾ തമ്മിലോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനമുൾപ്പെടെ ഡിജിറ്റൽ പണമിടപാട് രംഗത്ത് ലോകശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് ഇന്ത്യയുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ഇന്ത്യയുടെ നയങ്ങൾ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിക്കാനായിട്ടുള്ള ചിലവ് കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തെ സഹായ വിതരണത്തിന് അത് കൂടുതൽ ഉപയോഗപ്രദമായെന്നും ബിൽഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരു നല്ല മാതൃകയാണെന്നും, ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും, ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിൽഗേറ്റ്‌സ്.