
തലയിൽ ചിറകുകൾ സ്ഥാപിച്ച് സ്‌പെയിനിലെ യുവാവ്. കാറ്റലോണിയ സ്വദേശി മാനെൽ അഗ്വാസ് എന്ന മാനൽ മുണോസാണ് തലയുടെ ഇരുവശങ്ങളിലും ചിറകുകൾ വച്ചു ഘടിപ്പിച്ചത്. സ്വന്തമായി തയ്യാറാക്കിയ അര കിലോഗ്രാം തൂക്കമുള്ള സിലിക്കോൺ ചിറകുകളാണ് തലയിൽ ഘടിപ്പിച്ചത്. ചിറകുകളിലെ മൈക്രോ ചിപ്പ് വഴി അന്തരീക്ഷ മർദ്ദവും ഈർപ്പവും ഊഷ്മാവിലെ വ്യതിയാനവും മാനെലിന് അറിയാൻ കഴിയും. ചിറകുകൾ വച്ച ശേഷം ആളുകൾ തന്നെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും അതിനെ കാര്യമായി എടുക്കുന്നില്ലെന്നും മാനെൽ പറയുന്നു.
ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രമാണ് ഈ ചിറകുകൾ മാറ്റാറുള്ളത്. മനുഷ്യർക്ക് പുതിയ അവയവങ്ങളും ഇന്ദ്രിയങ്ങളും വികസിപ്പിക്കുന്നതിന് വേണ്ടി ബാർസലോണ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ് സ്പീഷിസ് കമ്മ്യൂണിറ്റിയിൽ അംഗമാണ് മാനെൽ.
ഈ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ നർത്തകി മൂൺ റിബാസ് കാലിൽ ഒരു സീസ്മിക് സെൻസർ സ്ഥാപിച്ചിട്ടുണ്ട്. ഭൂകമ്പങ്ങൾ നേരിട്ട് അനുഭവിച്ചറിയാനാണിത്.
സംഘടനയിലെ പ്രധാന അംഗങ്ങളിലൊരാളായ നീൽ ഹാർബിസണിന്റെ തലയിൽ ഒരു സൈബോർഗ് ആന്റിനയുണ്ട്. വർണാന്ധതയുള്ള ഹാർബിസണിന് നിറങ്ങൾ ശബ്ദരൂപത്തിൽ മനസിലാക്കാൻ ഇത് സഹായിക്കുന്നു. തലയിൽ ആന്റിന സ്ഥാപിച്ച ലോകത്തിലെ ആദ്യ മനുഷ്യനാണ് ഇയാൾ. ഔദ്യോഗികമായി ഇയാളെ ഒരു സൈബോർഗായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. മാംസവും രക്തവും സ്റ്റീലുമൊക്കെ ചേർന്ന് പാതി മനുഷ്യനും പാതി യന്ത്റവുമായ സൂപ്പർ മനുഷ്യനെയാണ് സൈബോർഗ് എന്ന് വിളിക്കുന്നത്.
കെവിൻ വാർവിക്ക് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനും സൈബോർഗ് ആണ്. ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിച്ച് അതിലൂടെ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുകയാണ് വാർവിക്. വാർവിക്കിന്റെ അടുത്ത ലക്ഷ്യം മനുഷ്യന്റെ തലച്ചോറിൽ ന്യൂറോചിപ്പുകൾ ഘടിപ്പിച്ച് അതുവഴി ആശയവിനിമയം സാധിക്കുക എന്നതാണ്. ഈ രംഗത്തെ ഗവേഷണങ്ങൾ പ്രോജക്ട് സൈബോർഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃത്രിമബുദ്ധി, റോബോട്ടിക്സ്, ബയോ മെഡിക്കൽ എൻജിനിയറിങ്ങ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഇദ്ദേഹം പല നൂതന ആശയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.