perarivalan

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ അമ്മ അർപുതമ്മാൾ. മകൻ ഉടൻ കുറ്റവിമുക്തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വർഷമായി കാത്തിരിക്കുന്നതെന്ന് അർപുതമ്മാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. മോചനം സാദ്ധ്യമായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറിനിന്ന് എതിർപ്പ് അറിയിക്കുമെന്നും രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കുമെന്നും പേരറിവാളന്റെ അമ്മ പറയുന്നു.

മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുകയാണ്. ഇതിനിടെയാണ് പേരറിവാളന്റെ അമ്മ വീണ്ടും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. പ്രതികളുടെ മോചനകാര്യത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിലെ അന്താരാഷ്ട്ര ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നാണ് സംസ്ഥാന ഗവർണറുടെ നിലപാട്.

തമിഴ്‌നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയുമടക്കം മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്ന് ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിയ്ക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു