cyber-campaign-

കോലഞ്ചേരി: ഇനിയുള്ളത് ഒരേയൊരു ദിവസം. വോട്ടെല്ലാം പെട്ടീലാക്കാനുള്ള പതിനെട്ടാം അടവ് പയറ്റുകയാണ് സ്ഥനാർത്ഥികളും മുന്നണികളും. എന്നാൽ പ്രചാരണത്തിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും അംഗങ്ങൾ കൂട്ടത്തോടെ ലെഫ്റ്റ് അടിക്കാൻ തുടങ്ങിയത് മുന്നണികളേയും സ്ഥാനാർത്ഥികളേയും ഒരുപോലെ വെള്ളം കുടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾ മുതലാണ് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയത്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊതോടെ രാഷ്ട്രീയപാർട്ടിക്കാർ സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രത്യേകിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ. കൊവിഡിന്റെ സാഹചര്യത്തിൽ നേരിട്ട് പോയിയുള്ള വോട്ട് പിടിത്തം ആളുകൾക്ക് താത്പര്യമില്ലെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു ഇത്. ഇതോടെ മെസേജുകളും ട്രോളുകളും വോട്ട് അഭ്യർത്ഥനയും ഗ്രൂപ്പുകളിൽ നിറഞ്ഞു. എന്നാൽ ഓൺലൈൻ ക്ലാസ് നടക്കുന്നതിനാൽ അമ്മമാരുടെ ഫോണുകൾ മിക്കയിടങ്ങളിലും കുട്ടികളുടെ കൈയിലാണ്. ക്ലാസിനിടയിൽ സന്ദേശങ്ങൾ രസംകൊല്ലിയായതോടെയാണ് പലരെയും ലെ്ര്രഫടിക്കാൻ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടിൽ തന്നെ വീട്ടുകാരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് മുന്നണികളും സ്വതന്ത്രരും ഗ്രൂപ്പുകൾ ആരംഭിച്ചിരുന്നു. വികസന മുന്നേറ്റവും വികസന വിരുദ്ധതയുമെല്ലാം സന്ദേശങ്ങളായി വോട്ടർമാരിലേക്ക് എത്തിച്ചു.

തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചതോടെ വോട്ട് ഉറപ്പായെന്ന് സ്ഥാനാർത്ഥികൾ ഉറപ്പിച്ചു. എന്നാൽ അവസാന മണിക്കൂറുകളിലെ ലെ്ര്രഫടിയാണ് സ്ഥാനാർത്ഥികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. വോട്ടാണോ പോയതെന്ന സംശയമാണ് പലർക്കും. വാട്സപ്പിലെ പ്രചാരണം അധികമായോന്നൊരു സംശയവുമുണ്ട്. ഇനിയും വാട്സാപ്പ് വഴി കൂടുതൽ പ്രചാരണം നടത്തിയാൽ ചിലപ്പോ പണിപാളുമോ എന്ന പേടിയും ചെറുതല്ല. വാട്സ്ആപ്പ് യുദ്ധം അല്പം കുറയ്ക്കാൻ കൈകാര്യം ചെയ്യുന്നവർക്ക് പാർട്ടിക്കാർ നിർദേശം നൽകിയിട്ടുണ്ട്.