
പ്രശസ്ത കവി കിളിമാനൂർ രമാകാന്തന്റെ ഏറെ പ്രചാരം നേടിയ ഒരു കവിതയിലെ ചില വരികൾ വളരെ വർഷങ്ങൾക്ക് ശേഷം ഓർമ്മയിൽ തെളിഞ്ഞു തെളിഞ്ഞു വരികയാണ്.
അൽപ്പനേരം കരഞ്ഞിട്ട് മർത്യൻ
അക്കരപ്പച്ച കണ്ടു ചിരിക്കും.
ചൊല്ലി നിർത്തിയ വാക്കിന്റെയർത്ഥം
തെല്ലു നേരം കഴിഞ്ഞാൽ മറക്കും.
കോവിഡ് കാലം തുടങ്ങിയതിനു ശേഷം ഞാൻ ആദ്യമായി രണ്ടു ദിവസം മുൻപ് തൃശുർ വരെ യാത്രചെയ്തു മടങ്ങി. യാത്രാമധ്യേ കണ്ട ദൃശ്യങ്ങളിൽ നിന്ന് മനസ്സിൽ ഊറിക്കൂടിയതാണ് ഈ കവിതാശകലം. ഫെബ്രുവരി മാസം മുതൽ പരിചയമില്ലാത്ത പലതരത്തിലുള്ള നിയന്ത്രണങ്ങളിലൂടെയാണ് നമ്മുടെ ജീവിതങ്ങൾ കടന്നു പോയത്. മാസ്ക് ധരിക്കലും, കൂടെക്കൂടെയുള്ള കൈകഴുകലും, ശാരീരിക അകലം പാലിക്കലും, തൊടാതെയുള്ള സമ്പർക്കവും, ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതവും, ആരാധനാലയങ്ങൾ ഭോജനശാലകൾ എന്നിവടങ്ങളിലെല്ലാമുള്ള നിയന്ത്രണങ്ങൾ, യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൾ, ശുഷ്കിച്ച വിവാഹങ്ങൾ, ഏറെക്കുറെ അനാഥമായ മരണാന്തര ചടങ്ങുകൾ, എന്നിങ്ങനെ നിരവധി പുതിയ ചര്യകളും ബുദ്ധിമുട്ടുകളുമായി നമ്മൾ ഒട്ടൊക്കെ പഴകിക്കഴിഞ്ഞു. (എന്നാലും ഗേറ്റിനു പുറത്തിറങ്ങിക്കഴിയുമ്പോഴാണ് മാസ്ക് ധരിച്ചില്ലല്ലോ എന്ന് തിരിച്ചറിയാറുള്ളത്, ഇപ്പോഴും.) ഈ കഷ്ടപ്പാടുകളെല്ലാം നമ്മൾ സഹിക്കുന്നത് കോവിഡ് പിടിപെടരുതെന്ന ആഗ്രഹത്തിലാണല്ലോ. (പിന്നെ നമുക്ക് രോഗബാധയുണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാനും.) രോഗവ്യാപനതിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം ഈ ജാഗ്രത തന്നെയെന്ന് നമുക്കെല്ലാം ഇപ്പോൾ ബോധ്യമായി. വളരെ കുറച്ചുപേർക്ക് മാത്രം രോഗബാധയുണ്ടായിരുന്ന ആദ്യ മാസങ്ങളിൽ നാം പുലർത്തിയ ജാഗ്രത കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കുറേശ്ശേ കുറേശ്ശേ കുറഞ്ഞുവരുന്നതായി തോന്നുന്നു. അതിനു കാരണം, പണ്ട് നാട്ടിൻപുറത്തെ മുത്തശ്ശി ചോദിച്ചതുപോലെയാണ്: 'എന്നും ചത്താൽ കണ്ണോക്കുണ്ടോ?' അതെ, എന്നും നിയന്ത്രണങ്ങളാണെങ്കിൽ അവയെക്കുറിച്ചുള്ള ഗൗരവം കുറയുമെന്നത് മനുഷ്യസഹജം. പിന്നെ പലർക്കും കോവിഡ് ബാധിക്കുകയും വലിയ കുഴപ്പമില്ലാതെ ഭേദമാവുകയും ചെയ്തു. (മരിച്ചവരും ഉണ്ടെന്ന കാര്യം നമ്മളങ്ങു സൗകര്യപൂർവം മറക്കും.) പണ്ടേ സുഗതകുമാരി പാടിയില്ലേ:
'ഒരു താരകയെക്കാണുമ്പോളതു രാവ് മറക്കും.
പാൽച്ചിരി കണ്ടത് മൃതിയെ മറന്നു ചിരിച്ചേ പോകും
പാവം മാനവഹൃദയം!'.
മനുഷ്യസ്വഭാവമാണത്. മാനവഹൃദയത്തിന്റെ ശീലമാണത്. ഇഷ്ടമുള്ള വിധത്തിൽ വസ്തുതകളെ നമ്മൾ വ്യാഖ്യാനിക്കും. ഓണത്തിന്റെ ആഘോഷങ്ങൾക്കിടയിൽ തന്നെ ജാഗ്രത കുറഞ്ഞിരുന്നു. അതിന്റെ പ്രത്യാഘാതം തുടർന്നുള്ള മാസങ്ങളിൽ കാണുകയും ചെയ്തു. ഇപ്പോൾ വാക്സിനെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സജീവമായതോടെ നമ്മുടെ ആശങ്കകൾ മാറുകയാണ്. പക്ഷെ വാക്സിൻ ലഭ്യമാവുന്നു എന്ന വാർത്ത കേട്ട് നോവൽ കൊറോണ വൈറസ് നാണിച്ചോ പേടിച്ചോ എങ്ങും പോവുകയില്ല. പക്ഷെ നമ്മുടെ ഇപ്പോഴത്തെ പെരുമാറ്റരീതികൾ കണ്ടാൽ ഈ വിധമുള്ള എന്തൊക്കെയോ മൂഢ വിചാരങ്ങൾ നമ്മളെ പിടികൂടിയതുപോലെ തോന്നും, റോഡുകൾ നിറയെ വാഹനങ്ങളാണ്. എല്ലാ യാത്രകളും 'ഒഴിച്ചുകൂടാത്തവ'യാണെന്നു കരുതാൻ വയ്യ. ആവശ്യങ്ങൾ തീർച്ചയായും കാണും. പിന്നെ എന്താണ് ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന് സ്വയം തീരുമാനിക്കണം. പത്തു മാസമായി വീട്ടിലടഞ്ഞിരുന്ന ഒരു കുടുംബത്തിന് ഒരു ഹോളിഡേയ്ക്കു പോകണമെന്ന് തോന്നുന്നെങ്കിൽ അത് അനാവശ്യയാത്രയാണെന്നു വിധിക്കുന്നത് യുക്തിസഹമല്ല. (യുക്തി പോലീസിനെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നത് വലിയ ആശ്വാസമാണിപ്പോൾ.) എങ്കിലും വിനോദയാത്ര ഒരു മൂന്നു മാസം കൂടി നീട്ടി വയ്ക്കുന്നതല്ലേ കൂടുതൽ യുക്തി? ട്രാൻസ്പോർട് ബസിൽ ആളുകൾ പഴയതു പോലെ വലിയ സ്നേഹത്തോടെ തൊട്ടുരുമ്മി നിന്ന് 'സാമൂഹ്യ അകലം' പാലിക്കുന്നു! എല്ലാവരും ആദ്യം വന്ന ബസിൽ കയറാതെ അടുത്ത ബസിനു വേണ്ടി കാത്തു നില്ക്കുമെങ്കിൽ അമിതമായ തിരക്ക് ഒഴിവാക്കാവുന്നതേയുള്ളൂ. വിവാഹത്തിന് നൂറു പേരെ മാത്രമേ വിളിക്കാനാകുന്നുള്ളൂ എന്നത് കൊണ്ട് വലിയ അപകടം സംഭവിച്ചു എന്ന് കരുതുന്നവരും കുറവല്ല. ലോകം മുഴുവൻ നേരിടുന്ന ഗുരുതരമായ ഈ പ്രതിസന്ധിയുടെ ഇരുൾത്തുരങ്കത്തിൻറെ നിർഗ്ഗമന കവാടത്തിലേക്ക് അടുക്കുന്നതേയുള്ളു. തുരങ്കത്തിന്റെ പുറത്തിറങ്ങിക്കഴിഞ്ഞ പോലെയാണ് പലരുടെയും ഇപ്പൊഴേയുള്ള പെരുമാറ്റം. ഈ അക്ഷമ വലിയ അപകടം വരുത്തിവയ്ക്കും. ഇതുവരെ പുലർത്തിയ ജാഗ്രതയെ അർത്ഥശൂന്യമാക്കിക്കളയും. മനുഷ്യമനസ്സ് തരുന്ന വ്യാജസിഗ്നലുകളാണിതൊക്കെ. അവ വിശ്വസിച്ചു പെരുമാറുന്നത് ബുദ്ധിമോശം തന്നെയായിരിക്കും. അതിനർത്ഥം പ്രതീക്ഷ കൈവിടണമെന്നല്ല. ജാഗ്രതയോടെയുള്ള പ്രതീക്ഷ; അല്ലെങ്കിൽ പ്രതീക്ഷയോടെയുള്ള ജാഗ്രത; അതാണാവശ്യം. . . സ്വയം ജാഗ്രതയോടെ. കുറച്ചു നാൾ കൂടി കാത്തിരിക്കാനുള്ള സന്നദ്ധതയാണിപ്പോൾ ആവശ്യം. വാക്സിൻ ലഭ്യമായിത്തുടങ്ങിയാലും എല്ലാവർക്കും അതിന്റെ പ്രയോജനം കിട്ടണമെങ്കിൽ കുറച്ചു സമയം കൂടി വേണ്ടിവരുമല്ലോ. ലോക്ഡോണിന്റെ സമയത്തും, ആദ്യ മൂന്നോ നാലോ മാസങ്ങളിലും വർധിച്ച ജാഗ്രതകൊണ്ട് രോഗവ്യാപന ഭീഷണിയെ വിജയകരമായി നമുക്ക് മറികടക്കാൻകഴിഞ്ഞു. വലിയ നേട്ടങ്ങളെ ലക്കുകെട്ട തിടുക്കവും വ്യാജ വിശ്വാസവും ബുദ്ധിരാഹിത്യവും ചേർന്ന് ഹരിച്ചുകളയും. ‘വേവുവോളം കാത്താൽ ആറുവോളം കാക്കാ’മെന്ന പഴഞ്ചൊല്ലിന്റെ ഏറ്റവും നല്ല ഉദാഹരണമായിരിക്കും ഇനി വരുന്ന മാസങ്ങളിലെ ജാഗ്രത. പക്ഷെ മനുഷ്യ സ്വഭാവത്തിൽ തിടുക്കമുണ്ട്:
'അൽപ്പനേരം കരഞ്ഞിട്ട് മർത്യൻ
അക്കരപ്പച്ച കണ്ടു ചിരിക്കും.
ചിരിക്കാം; ഇത്തിരിക്കൂടി ക്ഷമിക്കണമെന്നു മാത്രം.