
തൃശൂർ: നൂറ്റാണ്ടുകൾക്കുമുമ്പേ കിണറുകൾക്ക് നെല്ലിപ്പടി പണിയുന്ന ഒരു വീട്. ഇരിങ്ങാലക്കുട കാറളത്തെ വടക്കൂട്ട് വീട്. നെല്ലിപ്പടിയുടെ തറവാട്. കിണറിന്റെ ഏറ്റവും അടിത്തട്ടിൽ ചുറ്റളവ് കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കി ഉറപ്പിക്കുന്ന വലയമാണ് നെല്ലിപ്പടി. ചുറ്റിലും ഒടോ ഇഷ്ടികയോ ഉപയോഗിച്ച് കെട്ടും. ഇതിലൂടെ ഉറവകളിൽ നിന്നുള്ള വെളളം കിനിഞ്ഞിറങ്ങും. നെല്ലിയുടെ കറയും ഔഷധഗുണവും വെള്ളത്തിൽ ലയിക്കും. നേരിയ മധുരം കലർന്ന സ്വാദുണ്ടാകും വെള്ളത്തിന്. വെള്ളം തീരെ വറ്റുമ്പോഴാണ് നെല്ലിപ്പടി കാണാനാവുക. അതുപോലെ ക്ഷമ വറ്റിപ്പോകുന്ന അവസ്ഥ എന്ന നിലയിലാണ് ആ പ്രയോഗം പ്രചാരത്തിലായത്. അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലടക്കം നെല്ലിപ്പടി വൈറലായിരുന്നു.
ദീർഘകാലം നെല്ലിത്തടി കേടു കൂടാതെയിരിക്കും. അടുത്തിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ ആയിരത്തിലേറെ വർഷം പഴക്കമുള്ള നെല്ലിപ്പടി കണ്ടെത്തിയിരുന്നു. 90 വയസ് കഴിഞ്ഞ, നൂറു കണക്കിന് നെല്ലിപ്പടി പണിത കൈത്തഴക്കമുളള ബാലൻ ആചാരിയാണ് വടക്കൂട്ട് കുടുംബത്തിലെ കാരണവർ. അദ്ദേഹത്തിന്റെ മുത്തച്ഛൻ അയ്യപ്പപ്പണിക്കൻ പ്രസിദ്ധനായ തച്ചുശാസ്ത്രജ്ഞനായിരുന്നു. മകൻ രാമചന്ദ്രൻ ആചാരിയും ചെറുമകൻ അരുൺ ആചാരിയുമാണ് ഇപ്പോൾ നെല്ലിപ്പടിയുടെ പണികളേറ്റെടുത്ത് നടത്തുന്നത്.
ഉണങ്ങരുത്
പാലക്കാട് ചിറ്റൂരിൽ നിന്നാണ് നെല്ലിമരം എടുക്കുന്നത്. ഉണങ്ങുംമുൻപേ പണി തുടങ്ങണം. ശേഷിക്കുന്നത് വെള്ളത്തിൽ സൂക്ഷിക്കാം. ഉണങ്ങിയാൽ കറ നഷ്ടപ്പെടും, ഗുണമില്ലാതാകും. ഇപ്പോൾ നെല്ലിപ്പടിക്ക് ആവശ്യക്കരേറെയുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളളവർ ഇവിടെയെത്തും. 9744088709 എന്ന നമ്പരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വിളികളെത്തുന്നുണ്ട്. അഞ്ചടി വ്യാസമുള്ള നെല്ലിപ്പടിക്ക് 7500 രൂപ ചെലവുണ്ട്.
നെല്ലിമാഹാത്മ്യങ്ങൾ
@ ആയുർവേദ ഔഷധങ്ങളിൽ നെല്ലിക്കയ്ക്ക് പ്രഥമസ്ഥാനമുണ്ട്; തൊലിയും ഗുണപ്രദം
@ വെള്ളം ശുദ്ധീകരിക്കാൻ നെല്ലിക്ക് കഴിയുമെന്നും ആയുർവേദത്തിൽ പറയുന്നുണ്ട്
ഡോ. ഡി. രാമനാഥൻ,
ജനറൽ സെക്രട്ടറി, ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ
''മുൻകാലങ്ങളിൽ ഒരു വർഷം 22 നെല്ലിപ്പടി വരെ പണിതു നൽകിയിട്ടുണ്ട്. ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും പാരമ്പര്യമായും പഠിച്ചെടുത്ത അറിവാണിത്. നെല്ലിപ്പടിയിട്ട കിണറ്റിലെ വെളളത്തിന്റെ രുചിയും ഗുണവും തിരിച്ചറിഞ്ഞതോടെ കൂടുതൽ പേർ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ''
ബാലൻ ആചാരി