
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ടെനറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ച് ഹോളിവുഡിൽ പ്രശസ്തയാവുകയാണ് ഒരു കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയെ രോമാഞ്ചമണിയിച്ച നടി ഡിംപിൾ കപാഡിയ
കാലഘട്ടങ്ങളെ രോമാഞ്ചമണിയിച്ച രാജ് കപൂറിന്റെ ബോബി ( 1973 ) യിൽ ഋഷി കപൂറിന്റെ നായികയാകുമ്പോൾ ഡിംപിൾ കപാഡിയയുടെ പ്രായം 14 വയസായിരുന്നു.ഒറ്റ സിനിമയിലൂടെ താരപ്രഭ നേടിയെങ്കിലും അന്നത്തെ സൂപ്പർസ്റ്റാർ രാജേഷ് ഖന്നയെ വിവാഹം ചെയ്ത് ഡിംപിൾ ആരാധകരെ നിരാശരാക്കി അന്ന് സിനിമയിൽ നിന്ന് വിരമിച്ചു.
രാജേഷുമായി അകന്ന ശേഷം ഷോലെയുടെ സംവിധായകൻ രമേശ് സിപ്പിയുടെ സാഗർ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് മടങ്ങിവന്ന ഡിംപിളിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു.കൽപ്പനാ ലജ്മിയുടെ രുദാലിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. ഇപ്പോഴിതാ തന്റെ അറുപത്തി മൂന്നാം വയസിൽ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ ടെനറ്റിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ( പ്രിയ ) അവതരിപ്പിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നിരിക്കുകയാണ് ഡിംപിൾ കപാഡിയ.
നോളന്റെ ടെനറ്റ്
മൂന്നാം ലോക മഹായുദ്ധം നടക്കാതിരിക്കാൻ സീക്രട്ട് ഏജന്റ് ( ജോൺ ഡേവിഡ് വാഷിംഗ്ടൺ) നടത്തുന്ന പരിശ്രമങ്ങളാണ് സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറായ ടെനറ്റിന്റെ ഉള്ളടക്കം.കൊവിഡ് എന്ന മഹാമാരിക്കു ശേഷം ഹോളിവുഡിൽ തിയറ്റർ റിലീസ് ചെയ്ത ആദ്യ ചിത്രമാണ് നോളന്റെ ടെനറ്റ്.കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഈ ചിത്രം ഇന്ത്യ,അമേരിക്ക, ഇംഗ്ളണ്ട്, ഡെൻമാർക്ക്, എസ്റ്റോണിയ, ഇറ്റലി, നോർവെ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിൽ വച്ചായിരുന്നു ചിത്രീകരിച്ചത്.ഇന്ത്യയിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മുംബൈയിൽ വച്ച് ഷൂട്ട് നടത്തിയത്.
'ഹോളിവുഡ് താരങ്ങളെ മാത്രം വെച്ച് ഈ ചിത്രം ഷൂട്ട് ചെയ്യാമായിരുന്നു.എന്നാൽ ഒരു ഇന്റർനാഷണൽ തീം അവതരിപ്പിക്കുമ്പോൾ ആ രീതിയിൽ അഭിനേതാക്കളുടെ പ്രാതിനിദ്ധ്യം വേണമെന്ന് തോന്നി.അങ്ങനെയാണ് ഡിംപിൾ കപാഡിയയിൽ എത്തിയത് " .നോളൻ പറഞ്ഞു. ഒരു ഇന്ത്യൻ കഥാപാത്രം ഒഴിച്ചുകൂടാനാവാത്തതായിരുന്നു .പ്രിയ എന്ന റോൾ ഡിംപിൾ അവിസ്മരണീയമായി അവതരിപ്പിച്ചു.മികച്ച നടിയാണ് ഡിംപിൾ .നോളൻ വിശദീകരിച്ചു.ജോൺ ഡേവിഡ് വാഷിംഗ്ടൺ, റോബർട്ട് പാറ്റിസൺ തുടങ്ങി മൈക്കിൾ കെയിനടക്കം വിപുലമായ താരനിരയാണ് ചിത്രത്തിലുള്ളത്.
സൂപ്പർ ഡയറക്ടർ
സംവിധായകൻ ,നിർമ്മാതാവ്,തിരക്കഥാകൃത്ത് തുടങ്ങി ഹോളിവുഡിലെ ഏറ്റവും ഡിമാൻഡിംഗായ സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ.34 ഓസ്കാർ നോമിനേഷനുകൾ, 10 വിജയങ്ങൾ.ഈ അമ്പതുകാരൻ ഹോളിവുഡിലെ വിസ്മയമാണ്.ഫോളോയിംഗ് ( 1998 ) ആയിരുന്നു ആദ്യ ചിത്രം.രണ്ടാമത് റിലീസായ മെമന്റോ ( 2000 ) ആയിരുന്നു നോളനെ പ്രശസ്തിയിലേക്കുയർത്തിയത്.തുടർന്ന് ഇൻസോമ്നിയ, ദി ഡാർക്ക് നൈറ്റ് ട്രിലോജി, ദ പ്രെസ്റ്റീജ്, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ, ഡൺക്രിക്ക്, ഇപ്പോൾ ടെനറ്റും. മികച്ച നിരൂപണങ്ങളാണ് ടെനറ്റിന് ലഭിക്കുന്നത്.
ഡിംപിളിന്റെ വരവ്
'യാദൃശ്ചികമായാണ് ടെനറ്റിലേക്കുള്ള ഓഫർ ലഭിക്കുന്നത്. നോളന്റെ സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രിൽ ഉണ്ടായിരുന്നെങ്കിലും എങ്ങനെയാകുമെന്ന ആശങ്ക ഇല്ലാതിരുന്നില്ല.എന്നാൽ വാഷിംഗ്ടൺ ഉൾപ്പെടെയുള്ളവർ നല്ല പ്രോത്സാഹനവും സഹായവും നൽകി.തിരക്കഥ വായിച്ചപ്പോൾ ആദ്യം ഒന്നും മനസിലായിരുന്നില്ല. ഇപ്പോഴും ചിത്രം ആവർത്തിച്ചു കാണുമ്പോഴാണ് പലതും മനസിലാകുന്നത്." ഡിംപിൾ പറയുന്നു.ചിത്രത്തിന്റെ മൊത്തം കഥാഗതിയെ സ്വാധീനിക്കുന്നതാണ് തന്റെ കഥാപാത്രമായ പ്രിയയെന്ന് ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനായ ആവേശത്തിൽ ഡിംപിൾ പറഞ്ഞു. ഹിന്ദി സിനിമയിൽ തിളങ്ങിയ കാലഘട്ടത്തിൽ സെക്സി ഇമേജുള്ള നടിയായിരുന്നു ഡിംപിൾ. 2001 ൽ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ഫരാൻ അക്തറിന്റെ ദിൽ ചാഹ് താ ഹെയിൽ ഭർത്താവുമായി പിണങ്ങിക്കഴിയുന്ന പെയിന്ററുടെ വേഷം അവർ അവിസ്മരണീയമാക്കി. പ്രായത്തിൽ കുറഞ്ഞ ഒരു യുവാവിനെ പ്രേമിക്കുന്ന ആ കഥാപാത്രത്തെ യുവതലമുറ അന്ന് ആരാധനയോടെ ഏറ്റുവാങ്ങിയിരുന്നു.