
ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളാണ് ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സിഇഒ ആയ എലോൺ മസ്‌ക്. എന്നാൽ ബെർലിനടുത്തുള്ള ഫാക്ടറിയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെല്ലാം ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണ്. അതിന് കാരണമാകട്ടെ പാമ്പുകളും. ഇത്രയും വലിയ കോടീശ്വരന് എങ്ങനെയാണ് പാമ്പുകൾ തലവേദനയാകുന്നതെന്നല്ലേ?
ഫാക്ടറി തുടങ്ങാൻ പോകുന്ന സ്ഥലത്തുള്ള മരങ്ങൾ വെട്ടിമാറ്റുന്നത് പാമ്പുകളെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാണിച്ച് ചില പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മരങ്ങൾ വെട്ടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ടെസ്‌ലയ്ക്ക് ജർമൻ കോടതി നിർദേശം നൽകി.
ടെസ്‌ല ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തവർഷം ജൂലായ് ഓടെ ഫാക്ടറിയുടെ പണികളെല്ലാം പൂർത്തിയാക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി പ്രവർത്തകരുമായും, അധികൃതരോടും കൂടിയാലോചിച്ച ശേഷമായിരിക്കും ഇനി പദ്ധതിയുമായി മുന്നോട്ടുപോകുകയെന്നാണ് സൂചന.
കൊറോണെല്ല ഓസ്ട്രിയാക്ക എന്നറിയപ്പെടുന്ന മിനുസമാർന്ന പാമ്പ് ഒരുപക്ഷേ ആ പ്രദേശത്ത് ഉണ്ടായേക്കാം. മരങ്ങൾ വെട്ടുന്നത് അതിന്റെ ജീവന് ഭീഷണിയാണെന്നും, കൂടാതെ അവയുടെ ശൈത്യതാല ഉറക്കത്തെ തടസപ്പെടുത്തുമെന്നും ഒരു പരിസ്ഥിതി പ്രവർത്തകൻ പറയുന്നു. മണൽ പല്ലികൾ എന്നറിയപ്പെടുന്ന ലാസെർട്ട അഗിലിസിനെയും ഫാക്ടറി പ്രവർത്തനങ്ങൾ അപകടത്തിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ മാസത്തിൽ ടെസ്‌ല ഫാക്ടറിയുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയുമൊക്കെ പരാതികളും നിർദേശങ്ങളും കേൾക്കാൻ മൂന്ന് ദിവസം മാറ്റിവച്ചിരുന്നു. എന്നാൽ ഇത് എട്ടുദിവസത്തോളം നീണ്ടുനിന്നു. 414 പരാതികളാണ് അപ്പോൾ ലഭിച്ചത്. ഫാക്ടറി പ്രാദേശിക ജലസ്രോതസ്സുകളെ ബാധിക്കുമെന്നും പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിരുന്നു.ഇതിന് മറുപടിയായി ടെസ്‌ല ജല ഉപഭോഗം 3.3 ദശലക്ഷം ഘനമീറ്ററിൽ നിന്ന്1.4 ദശലക്ഷം ഘനമീറ്ററായി കുറയ്ക്കാൻ സമ്മതിച്ചു